ന്യൂഡൽഹി: സ്വന്തം മകനെ ദത്തെടുക്കാൻ സുപ്രീംകോടതിയുടെ വാതിലിൽ മുട്ടി ഒരമ്മ. അഭിഭാഷക കൂടിയായ ദി്‌വ്യ ജ്യോതി സിംഗ് സ്വന്തം മകനെ ദത്തെടുക്കാൻ അനുമതി നൽകണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. നിലവിൽ മറ്റൊരാളെ വിവാഹം കഴിച്ച് ജീവിക്കുന്ന യുവതിയുടെ ആദ്യ വിവാഹത്തിൽ ഉണ്ടായ മകനെ സ്വന്തമാക്കുന്നതിന് വേണ്ടിയാണ് നിയമപോരാട്ടം നടത്തുന്നത്.
2013 ലായിരുന്നു ദിവ്യയും ആദ്യ ഭർത്താവും തമ്മിലുള്ള വിവാഹം. രണ്ട് വർഷങ്ങൾക്ക് ശേഷം 2015 ൽ ഇയാൾ ദിവ്യയെ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം 2016 ൽ ഇയാളും ഇയാളുടെ സഹോദരന്റെ ഭാര്യയും തമ്മിൽ ഒന്നിച്ച് താമസിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇതോടെ ദിവ്യ വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി വിവാഹ മോചനം നൽകിയതിന് പിന്നാലെ 2018 ൽ ഇയാൾ വിവാഹം ചെയ്തു. 2020 ദിവ്യയും മറ്റൊരാളെ വിവാഹം കഴിച്ചു. എന്നാൽ കുഞ്ഞിന്റെ പേരിൽ ആദ്യ ഭർത്താവ് ദിവ്യയെ ശല്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്.
ഹിന്ദുക്കളുടെ ദത്തെടുക്കലും ജീവനാംശവുമായി ബന്ധപ്പെട്ടുള്ള നിയമ പ്രകാരം കുട്ടിയുടെ യഥാർത്ഥ പിതാവിന്റെ സമ്മതം കൂടാതെ ഒപ്പം വളർത്താൻ കഴിയില്ല. എന്നാൽ സമ്മതം ഇല്ലാതെ തന്നെ കുട്ടിയെ ഒപ്പം വളർത്താൻ അനുവദിക്കണം എന്നാണ് ഹർജിയിൽ യുവതി ആവശ്യപ്പെട്ടിരിക്കുന്നത്.
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് യുവതിയുടെ ഹർജി പരിഗണിച്ചത്. സംഭവത്തിൽ തീരുമാനം എടുക്കുക സങ്കീർണമാണെന്ന് നിരീക്ഷിച്ച കോടതി പ്രതിഭാഗത്തിന് നോട്ടീസ് നൽകാൻ ഡൽഹി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർക്ക് നിർദ്ദേശം നൽകി.
Discussion about this post