സൈന്യത്തിന്റെ ആയുധങ്ങളിൽ വളരെയധികം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ഡ്രോണുകൾ. വളരെ വലുതാക്കാനും ഒപ്പം ഇത്തിരിക്കുഞ്ഞനാക്കാനുമുള്ള പരീക്ഷണങ്ങൾ നിരന്തരം നടക്കുന്നുണ്ട്. വലിയ ഡ്രോണുകൾ ബോംബർ വിമാനങ്ങളായിപ്പോലും ഉപയോഗിക്കാൻ വേണ്ടിയാണ് പരീക്ഷണങ്ങൾ നടക്കുന്നത്. എന്നാൽ ചെറിയ ഡ്രോണുകളാകട്ടെ മനുഷ്യന്റെ പോലും കണ്ണിൽ പെടാതെ വിവരങ്ങൾ ശേഖരിക്കാനാണ് ഉപയോഗിക്കുന്നത്.
എറ്റവും ചെറിയ ഡ്രോണുകളിൽ അത്യാധുനികമായ ഒന്നാണ് നോർവീജിയൻ കമ്പനിയുടെ ബ്ലാക്ക് ഹോർനറ്റ് നാനോ. വെറും 32 ഗ്രാം മാത്രം ഭാരമുള്ള ഈ കുഞ്ഞൻ ഡ്രോൺ പക്ഷേ പ്രവൃത്തിയിൽ അതി ഭീകരനാണ്. മണിക്കൂറിൽ 35 കിലോമീറ്റർ വരെ ഇതിന് വേഗതയുണ്ട്. രണ്ടു കിലോമീറ്ററോളം റേഡിയോ പരിധിയുള്ള ഇതിൽ ഘടിപ്പിച്ചിരിക്കുന്നത് അത്യാധുനികമായ മൂന്ന് ക്യാമറകളാണ്.വെറും പതിനാറു സെന്റിമീറ്റർ മാത്രമാണ് ഇവന്റെ നീളം.
അമേരിക്ക , ഫ്രാൻസ് , ഇംഗ്ലണ്ട് , ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ സൈന്യങ്ങൾ ബ്ലാക്ക് ഹോർനറ്റ് നാനോ ഉപയോഗിക്കുന്നുണ്ട്. നമ്മുടെ പ്രത്യേക സുരക്ഷ വിഭാഗമായ നാഷണൽ സെക്യൂരിറ്റി ഗാർഡും ബ്ലാക്ക് ഹോർനറ്റ് ഉപയോഗിക്കുന്നുണ്ട്. തൊട്ടടുത്തുള്ള അപകടങ്ങൾ നിരീക്ഷിക്കാൻ ഭീകര വിരുദ്ധ ഓപ്പറേഷനുകളിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനും ഈ ഇത്തിരിക്കുഞ്ഞൻ വളരെ സഹായിക്കുന്നു.












