ടെൽ അവീവ് : ശനിയാഴ്ച ഇസ്രായേൽ നിയന്ത്രണത്തിലുള്ള ഗോലാൻ കുന്നുകളിലെ ഫുട്ബോൾ മൈതാനത്തുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 11 കുട്ടികളും കൗമാരക്കാരും കൊല്ലപ്പെട്ടതായി ഇസ്രായേൽ അധികൃതർ അറിയിച്ചു. ലെബനൻ തീവ്രവാദി ഗ്രൂപ്പായ ഹിസ്‌ബൊള്ളയുമായുള്ള സംഘർഷം തുടങ്ങിയതിന് ശേഷം വടക്കൻ അതിർത്തിയിൽ ഇസ്രായേൽ ലക്ഷ്യസ്ഥാനത്ത് നടത്തുന്ന ഏറ്റവും മാരകമായ ആക്രമണമാണിത്.
മജ്ദൽ ഷംസിലെ മാരകമായ ആക്രമണത്തിന് കാരണക്കാർ ഹിസ്‌ബൊള്ള യാണെന്ന് ഇസ്രായേൽ കുറ്റപ്പെടുത്തി. എന്നാൽ ഇതിൽ പങ്കില്ലെന്ന വാദമാണ് ഹിസ്‌ബൊള്ള മുന്നോട്ട് വയ്ക്കുന്നത്.
ഹിസ്ബുള്ളയുടെ മുഖ്യ വക്താവ് മുഹമ്മദ് അഫീഫ്, മജ്ദൽ ഷംസിനെതിരായ ആക്രമണത്തിൽ ഗ്രൂപ്പിൻ്റെ പങ്കാളിത്തം നിഷേധിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു. ഇത് വളരെ അപൂർവ്വമായ ഒരു നീക്കമായാണ് വിലയിരുത്തപ്പെടുന്നത്
ഒക്ടോബർ 7 ന് ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേൽ സിവിലിയന്മാർക്കെതിരായ ഏറ്റവും മാരകമായ ആക്രമണമാണിതെന്ന് ഇസ്രായേൽ സൈന്യത്തിൻ്റെ മുഖ്യ വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി സ്ഥിരീകരിച്ചു. റോക്കറ്റ് ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റതായി ഹഗാരി റിപ്പോർട്ട് ചെയ്തു.
ഇതുവരെ നൽകിയിട്ടില്ലാത്ത വിധം കനത്ത വില ഹിസ്ബുള്ള ഈ ആക്രമണത്തിന് നൽകേണ്ടി വരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായ മുന്നറിയിപ്പ് നൽകി.
Discussion about this post