ബംഗളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. തൃശൂരിൽ നിന്ന് ഡ്രഡ്ജർ എത്തിച്ച് ചെളിയും മണ്ണും നീക്കി തിരച്ചിൽ തുടരാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോടാണ് ഇക്കാര്യം അറിയിച്ചത്.
കേരള കാർഷിക സർവകലാശാലയുടെ കൈയ്യിലുള്ള ഉപകരണം എത്തിക്കുന്നതുമായി
ബന്ധപ്പെട്ട് തൃശൂർ ജില്ലാ കളക്ടറോട് സംസാരിച്ചിരുന്നു. അതിനാവശ്യമായ പണം ഉടൻ തന്നെ അടയ്ക്കാൻ തയ്യാറാണെന്ന് ജില്ലാ കളക്ടറെ അറിയിച്ചു എന്നും കാർവാർ എംഎൽഎ വ്യക്തമാക്കി. ഈ യന്ത്രം എത്തിക്കാനുളള മുഴുവൻ ചെലവും വഹിക്കാൻ കർണാടക സർക്കാർ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രക്ഷാദൗത്യം അവസാനിപ്പിക്കാൻ തങ്ങൾക്ക് ഒരു ഉദ്ദേശവും ഇല്ലെന്ന് പറഞ്ഞ എംഎൽഎ, കളക്ടർക്ക് അയച്ച സന്ദേശവും പുറത്തുവിട്ടു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തൃശൂരിൽ നിന്ന് ഡ്രഡ്ജർ എത്തിക്കുന്നതോടെ നദിക്കടിയിലെ മണ്ണ് നീക്കം ചെയ്യാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതർ.
നേരത്തെ രക്ഷാദൗത്യം താത്ക്കാലികമായി അവസാനിപ്പിച്ചേക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ കേരളത്തിലെ ജനപ്രതിനിധികൾ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷാദൗത്യം പിൻവലിക്കില്ലെന്ന് എംഎൽഎ ഉറപ്പുനൽകിയത്.
Discussion about this post