ന്യൂഡൽഹി : കേരളത്തിലെ കോൺഗ്രസിനുള്ളിലെ തർക്കത്തിൽ ഇടപെട്ട് ഹൈക്കമാൻഡ്. പാർട്ടിക്കുള്ളിലെ രഹസ്യങ്ങളും അനാവശ്യ കാര്യങ്ങളും ആരോ മാദ്ധ്യമങ്ങൾക്ക് പങ്കുവയ്ക്കുന്നുണ്ട് എന്ന് ഹൈകമാൻഡ് വിലയിരുത്തി. ആരാണ് പാർട്ടിക്കുള്ളിലെ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് എന്ന് കണ്ടെത്തണമെന്ന് സംസ്ഥാന കോൺഗ്രസിന് ഹൈകമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസം ചേർന്ന കെപിസിസി യോഗത്തിലെ വിവരങ്ങൾ പുറത്തു പോയതിൽ പ്രതിപക്ഷനേതാവ് വിഡി സതീശൻ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഓൺലൈനായി ചേർന്ന കെപിസിസി യോഗത്തിലെ വിവരങ്ങൾ ആയിരുന്നു മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയിരുന്നത്. ഇതോടെ ഇനി കെപിസിസിയുടെയും ഡിസിസിയുടെയും ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കില്ല എന്ന് വിഡി സതീശൻ വ്യക്തമാക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവിന്റെ ഈ നിലപാടാണ് വിഷയത്തിൽ അന്വേഷണം നടത്താൻ ഹൈകമാൻഡിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഇനിയും പാർട്ടിയുമായി സഹകരിച്ച് പോകണമെങ്കിൽ വാർത്തകൾ ചോർത്തി നൽകുന്നത് ആരാണെന്ന് കണ്ടെത്തണമെന്ന് സതീശൻ ഹൈകമാൻഡിനെ അറിയിച്ചിരുന്നു. തുടർന്നാണ് കേരളത്തിന്റെ ചുമതലയുള്ള സംഘടന ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിരിക്കുന്നത്. അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണനോട് ആണ് റിപ്പോർട്ട് നൽകാനായി നിർദേശം നൽകിയിട്ടുള്ളത്.
Discussion about this post