ഇസ്ലാമാബാദ് : വടക്ക് പടിഞ്ഞാറൻ പാകിസ്താനിൽ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലും കലാപത്തിലും 36 പേർ കൊല്ലപ്പെട്ടു. സായുധ ആക്രമണങ്ങളിൽ 162 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഷിയ-സുന്നി വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പാക് പ്രദേശമായ ഖൈബർ പഖ്തൂൺഖ്വയിലെ കുറം ജില്ലയിൽ ആണ് കലാപം ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ അഞ്ച് ദിവസമായി ഇവിടെ സംഘർഷവും കലാപവും തുടരുകയാണ്. അഞ്ചു ദിവസത്തിനിടെ വിവിധ ആക്രമണങ്ങളിലായി 36 പേർ കൊല്ലപ്പെട്ടിട്ടും അധികാരികൾ നിഷ്ക്രിയത്വം പുലർത്തുകയാണെന്നാണ് ആരോപണമുയരുന്നത്.
ഇരു മത വിഭാഗങ്ങളും തമ്മിലുള്ള മാരകമായ സംഘർഷങ്ങൾക്കും വിഭാഗീയ ഏറ്റുമുട്ടലുകൾക്കും തീവ്രവാദി ആക്രമണങ്ങൾക്കും പേരുകേട്ട പ്രദേശമായാണ് ഖൈബർ പഖ്തൂൺഖ്വ അറിയപ്പെടുന്നത്. ഷിയ-സുന്നി വിഭാഗങ്ങൾ തമ്മിൽ ഇവിടെ സംഘർഷവും സായുധ ആക്രമണങ്ങളും പതിവാണ്. മോർട്ടാർ ഷെല്ലുകളും റോക്കറ്റ് ലോഞ്ചറുകളും ഉൾപ്പെടെ ഭാരമേറിയതും അത്യാധുനികവുമായ ആയുധങ്ങൾ ഉപയോഗിച്ചാണ് ഇരുവിഭാഗങ്ങളും തമ്മിൽ പരസ്പരം ആക്രമിക്കുന്നത്. കലാപത്തെ തുടർന്ന് പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർക്കറ്റുകളും അടച്ചുപൂട്ടിയിട്ടുണ്ട്.
Discussion about this post