കലവൂർ(ആലപ്പുഴ): നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചുമറിഞ്ഞതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്തംഗമുൾപ്പെടെ രണ്ടു പേർ മരണപെട്ടു . കാർ യാത്രികരായ മൂന്നുപേർ സാരമായ പരിക്കുകളോടെ ആശുപത്രിയിലാണ് . മരണപ്പെട്ടവർ ഡി വൈ എഫ് ഐ പ്രവർത്തകരാണ്.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രജീഷ് (37), മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡ് കരോട്ടുവെളി അനന്തു (28) എന്നിവരാണു മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപതോടെ കലവൂർ മാരൻകുളങ്ങര-പ്രീതികുളങ്ങര റോഡിലായിരുന്നു അപകടം.
നിയന്ത്രണംവിട്ട കാർ വൈദ്യുതിത്തൂണിലിടിച്ചശേഷം സമീപവാസിയായ വിജയകുമാറിന്റെ വീട്ടുമുറ്റത്തുനിന്ന തെങ്ങിലിടിച്ചു മറിയുകയായിരുന്നു. കൂടാതെ വീടിന്റെ ഭിത്തിയിലും ഇടിച്ചു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷമാണ് ഇതിൽ രണ്ടു പേർ മരണപ്പെട്ടത്.








