തിരുവനന്തപുരം: യുവതിയെ വീട്ടിൽ കയറി വെടിവച്ച സംഭവത്തിൽ പ്രതിയായ സ്ത്രീക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. ആക്രമണം നടത്തിയ സ്ത്രീ ആറ്റിങ്ങൽ ഭാഗത്ത് നിന്നുമാണ് വന്നതെന്നാണ് സൂചന. പ്രതിയെത്തിയ കാർ കേന്ദ്രീകരിച്ചും വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ത്രീ വന്നതെന്ന് സംശയിക്കുന്ന ആറ്റിങ്ങൽ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഇന്നലെ രാവിലെയാണ് സംഭവം. തിരുവനന്തപുരം ചെമ്പകശേരി പങ്കജിൽ ഷിനി(40)ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൊറിയർ നൽകാനെന്ന വ്യാജേനെയാണ് പ്രതി വീട്ടിലെത്തിയത്. മുഖം മറച്ചെത്തിയ പ്രതി എയർ പിസ്റ്റൾ ഉപയോഗിച്ച് ഷിനിയുടെ നേർക്ക് വെടി ഉതിർക്കുകയായിരുന്നു. തടുക്കാൻ ശ്രമിച്ച ഷിനിയുടെ കൈപ്പത്തിയിലാണ് വെടിയേറ്റത്. ഇതോടെ രണ്ട് തവണ കൂടി ഇവർ വെടിയുതിർക്കുകയാായിരുന്നു.
അന്വേഷണത്തിൽ പ്രതി വന്ന കാറിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമായിരുന്നു. ആർക്കും തന്നോട് വ്യക്തിവൈരാഗ്യങ്ങൾ ഒന്നുമില്ലെന്നാണ് ഷിനി പോലീസിന് നൽകിയിരിക്കുന്ന മൊഴി. മാലിദ്വീപിൽ ജോലി ചെയ്യുന്ന ഷിനിയുടെ ഭർത്താവ് നാട്ടിലെത്തിയാൽ അദ്ദേഹത്തിന്റെയും മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post