ശ്രീനഗർ: ജമ്മുകശ്മീരിൽ അടുത്തിടെ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ അഫ്ഗാനിലെയും പാകിസ്താനിലെയും മുൻ സൈനികരായിരിക്കാമെന്ന് സുരക്ഷാ വിദഗ്ദർ. അക്രമികൾ സാധാരണ ഭീകരവാദികളല്ല. അവർ നന്നായി പരിശീലനം നേടിയവരും പ്രൊഫഷണലുകളുമാണെന്ന് മുൻ ജമ്മു കശ്മീർ പോലീസ് മേധാവി എസ് പി വൈദ് പറഞ്ഞു.
‘ജമ്മു കശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളെല്ലാം സൂചിപ്പിക്കുന്നത് അക്രമികൾ മികച്ച പരിശീലനം ലഭിച്ചവരാണെന്നാണ്. ഈ ഭീകരവാദികൾ പതിയിരുന്ന് സൈന്യത്തിന് നേരെ ആക്രമണം നടത്തുകയും പെട്ടെന്ന് വനമേഖലയിലേയ്ക്ക് അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഇവർ സാധാരണ ഭീകരവാദികളല്ലെന്ന് അവരുടെ കാൽപ്പാടുകൾ വ്യക്തമാക്കി തരുന്നു. അവർ ഉയർന്ന പ്രൊഫഷനലുകളും മികച്ച പരിശീലനം നേടിയവരുമാണ്’- വൈദ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന പാകിസ്താനിലെ ഖൈബർ പക്തുംഗ്ത്വ മേഖലയിൽ നിന്നുള്ള ഇവരെ ജമ്മുകശ്മീരിലെ സമാധാനം തകർക്കാൻ തള്ളിവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അവർ അഫ്ഗാൻ മുൻ സൈനികരാണ്. ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്തി മേഖലയിലെ സമാധാനം തകർക്കാനായാണ് അവരെ തള്ളിവിടുന്നത്. താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കിയതോടെ, ഇവർ സ്വതന്ത്രരായി. ഇതോടെ, പാകിസ്താന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് ഇവരെ ജമ്മുകശ്മീരിലേയ്ക്ക് തിരിച്ചുവിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താന്റെ ഇന്റർ സർവീസസ് ഇന്റലിജൻസിന് രണ്ട് വർഷമെടുത്തു അഫ്ഗാൻ മുൻ സൈനികരെ ഇന്ത്യയ്ക്ക് നേരെ തിരിച്ചുവിടാൻ. ഇപ്പോൾ അവർ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറി ആക്രമണങ്ങൾ നടത്തുകയാണ്. അമേരിക്കൻ നിർമിത എം4 റൈഫിളുകളും െൈചനീസ് കവചങ്ങളെ തുളയ്ക്കുന്ന വെടിയുണ്ടകളുമാണ് ഉപയോഗിക്കുന്നത്’- എസ്പി വൈദ് പറഞ്ഞു.
അതിർത്തിയിൽ നുഴഞ്ഞ് കയറിയ പാകിസ്താൻ ഭീകരവാദികളാണ് ജമ്മു കശ്മീർ മേഖലയിൽ നടന്ന എല്ലാ ആരകമണങ്ങൾക്കും കാരണമെന്ന് മുൻ നോർത്തേൺ കമാൻഡന്റ് ചീഫ് ലെഫ്റ്റനന്റ് ജനറൽ ദീപേന്ദർ സിംഗ് ഹൂഡ പറഞ്ഞു. ഭീകരാക്രമണങ്ങൾ നടത്താൻ അവർ സർവസജ്ജരാണ്. അവർക്ക് നല്ല പരിശീലനവും ലഭിച്ചിട്ടുണ്ട്. അവരെ പ്രത്യേകമായി ജമ്മു കശ്മീർ മേഖലയിലേയ്ക്ക് അയച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദികളുടെ തന്ത്രങ്ങളിൽ ഇപ്പോൾ വലിയ മാറ്റങ്ങളുണ്ട്. അവർ ഒളിഞ്ഞിരുന്ന് ആക്രമിക്കുകയും പെട്ടെന്ന് വനത്തിനുള്ളിലേയ്ക്ക് അപ്രത്യക്ഷമാകുകയും ചെയ്യുന്നു. അതിനാൽ തന്നെ അവരുടെ പുതിയ തന്ത്രങ്ങളെ നേരിടാൻ നമ്മുടെ സുരക്ഷാ സേനയും തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post