പാരിസ് : 2024ലെ ഒളിമ്പിക്സ് മത്സരങ്ങൾക്ക് മുന്നോടിയായി ആരംഭിച്ച ഭീകര അട്ടിമറി ശ്രമങ്ങൾ ഫ്രാൻസിനെ വീണ്ടും വലിക്കുന്നു. ഒളിമ്പിക്സ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രെയിനിൽ അട്ടിമറി നടത്തിയവർ ഇപ്പോൾ ലക്ഷ്യം വെച്ചിരിക്കുന്നത് ഫ്രാൻസിന്റെ ടെലി കമ്മ്യൂണിക്കേഷൻ മേഖലയാണ്. ടെലി കമ്മ്യൂണിക്കേഷൻ വിതരണക്കാരുടെ നിരവധി ഫൈബർ ഒപ്റ്റിക് ശൃംഖലകൾ തകർക്കപ്പെട്ടതായി ഫ്രഞ്ച് പോലീസ് അറിയിച്ചു.
ഹൈ സ്പീഡ് ട്രെയിൻ ശൃംഖലകളിൽ അട്ടിമറി പ്രവർത്തനങ്ങൾ നടത്തി സർവീസുകൾ സ്തംഭിപ്പിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ഫ്രാൻസിൽ ടെലി കമ്മ്യൂണിക്കേഷൻ മേഖല തകർക്കപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ആറ് പ്രദേശങ്ങളിൽ ആണ് ഫൈബർ ഒപ്റ്റിക് ശൃംഖലകൾ തകർക്കപ്പെട്ടിട്ടുള്ളത് എന്നാണ് ഫ്രഞ്ച് പോലീസ് നൽകുന്ന വിവരം. എന്നാൽ പാരിസ് നഗരത്തെ ഈ അട്ടിമറി ബാധിച്ചിട്ടില്ല എന്നും ഫ്രഞ്ച് പോലീസ് വ്യക്തമാക്കുന്നു.
പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന് തൊട്ടുമുമ്പ് റെയിൽവേ നെറ്റ്‌വർക്ക് സ്തംഭിപ്പിച്ച അട്ടിമറിക്കാരെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുള്ളതായാണ് വിവരം. ഈ അട്ടിമറിയിലൂടെ റദ്ദാക്കിയ ട്രെയിനുകൾ കാരണം ഫ്രാൻസിലെ പതിനായിരക്കണക്കിന് റെയിൽ യാത്രക്കാർ മൂന്ന് ദിവസത്തോളം ബുദ്ധിമുട്ടിയിരുന്നു.
Discussion about this post