മുംബൈ: ഒന്നിലധികം സ്ത്രീകളെ കബളിപ്പിച്ച് വിവാഹം കഴിപ്പിച്ച് അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുത്തയാളെ മഹാരാഷ്ട്രയിലെ പാൽഘർ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ് നിയാസി ഷെയ്ഖ് എന്നയാൾ ഇരുപതിലധികം സ്ത്രീകളുടെ പണവും ആഭരണങ്ങളും കവർന്നതായി പോലീസ് പറഞ്ഞു.
പീഡനത്തിനിരയായവരിൽ ഒരാൾ പ്രതിക്കെതിരെ “നാലസോപാര” പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പ്രതി വ്യാജ ഓൺലൈൻ പ്രൊഫൈൽ സൃഷ്ടിക്കുകയും വിധവകളായ സ്ത്രീകളെ കൂടുതലായി ലക്ഷ്യമിടുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത് . തുടർന്ന് ഓൺലൈൻ വെബ്സൈറ്റുകൾ വഴി ഷെയ്ഖ് ഈ സ്ത്രീകളെ പരിചയപ്പെടുകയും അവരിൽ നിന്ന് വലിയ തുക തട്ടിയെടുത്ത ശേഷം അപ്രത്യക്ഷമാവുകയും ചെയ്തു.
ഫോൺ നമ്പർ ഇടയ്ക്കിടെ മാറ്റുന്നത് കൊണ്ട്, പ്രതിയുടെ ഫോട്ടോകളോ ബന്ധപ്പെടാനുള്ള നമ്പറുകളോ പോലീസിന്റെ പക്കലുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ ഷെയ്ഖിൻ്റെ അതെ തന്ത്രം പ്രയോഗിക്കുവാൻ പോലീസ് തീരുമാനിക്കുകയായിരുന്നു.
ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ വ്യാജ സ്ത്രീയുടെ പ്രൊഫൈൽ സൃഷ്ടിച്ച് ഇയാളുമായി ബന്ധപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഷെയ്ഖുമായുള്ള സംഭാഷണം കെട്ടിച്ചമച്ച ശേഷം ഒരു സ്ത്രീയെന്ന വ്യാജേന പോലീസ് ഇയാളെ കല്യാണിൽ കാണാൻ വിളിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
Discussion about this post