ന്യൂഡൽഹി : ഇന്ത്യയിൽ നൽകപ്പെടുന്ന സേവനങ്ങൾ വാട്സ്ആപ്പ് അവസാനിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ. ഇന്ത്യയിലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 69 പ്രകാരം ഉപഭോക്തൃ വിശദാംശങ്ങൾ പങ്കിടാനുള്ള സർക്കാർ നിർദ്ദേശങ്ങൾ കാരണമാണ് വാട്സ്ആപ്പ് ഇന്ത്യയിലെ സേവനങ്ങൾ അവസാനിപ്പിക്കാൻ ഒരുങ്ങുന്നത് എന്നാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ കേന്ദ്രസർക്കാർ ഇങ്ങനെ ഒരു കാര്യം അറിഞ്ഞിട്ടില്ല എന്നാണ് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്.
ഇന്ത്യയിൽ സേവനങ്ങൾ നിർത്തലാക്കും എന്നതിനെക്കുറിച്ച് യാതൊരു സൂചനയും വാട്സ്ആപ്പോ മെറ്റയോ സർക്കാരിനെ അറിയിച്ചിട്ടില്ല എന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. 2021ൽ നടപ്പിലാക്കിയ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ പ്രകാരം രാജ്യത്തെ കോടതികളോ മറ്റു യോഗ്യതകളുള്ള അതോറിറ്റികളോ ഉത്തരവിടുമ്പോൾ വാട്സാപ്പിലെ ഏത് വിവരത്തിന്റെയും ആദ്യ ഉറവിടത്തെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ പങ്കുവയ്ക്കേണ്ടതാണ്. കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഈ നിയമത്തിനെതിരെ നേരത്തെ വാട്സ്ആപ്പ് കോടതിയെ സമീപിച്ചിരുന്നു.
സ്വകാര്യതയ്ക്കും സംസാരസ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തെ ലംഘിക്കുന്നതാണ് ഈ നിയമം എന്നായിരുന്നു വാട്സ്ആപ്പ് കോടതിയിൽ ഹർജി നൽകിയപ്പോൾ സൂചിപ്പിച്ചിരുന്നത്. രാജ്യത്തെ കോടതികൾ ആവശ്യപ്പെടുമ്പോൾ ഡാറ്റകൾ നൽകണമെങ്കിൽ ദശലക്ഷക്കണക്കിന് സന്ദേശങ്ങൾ വർഷങ്ങളോളം സൂക്ഷിക്കേണ്ടി വരും എന്നും വാട്സ്ആപ്പ് കോടതിയിൽ അറിയിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് കർണാടക, മദ്രാസ് , കൊൽക്കത്ത, കേരളം, ബോംബെ ഹൈക്കോടതിയിൽ വാട്സാപ്പിന്റെ ഹർജികൾ നിലവിലുണ്ട്.
Discussion about this post