പാരിസ് : ഇന്ത്യൻ കായികരംഗത്ത് പുതിയ ചരിത്രം കുറിച്ച് ബാഡ്മിന്റൺ താരങ്ങളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. 2024 പാരീസ് ഒളിമ്പിക്സിൽ ബാഡ്മിന്റൺ ഡബിൾസിൽ ഇരുവരും ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഒളിമ്പിക്സ് ബാഡ്മിന്റൺ ഡബിൾസിൽ ക്വാർട്ടറിൽ എത്തുന്ന ആദ്യ ഇന്ത്യൻ ജോഡികൾ ആണ് സാത്വിക്-ചിരാഗ് സഖ്യം.
ഗ്രൂപ്പ് സിയിൽ നിന്നാണ് പുരുഷ ഡബിൾസിൽ സാത്വിക് സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും പാരീസ് ഒളിമ്പിക്‌സിൻ്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ത്യൻ ടീമിന്റെ ഇന്നത്തെ മത്സരം റദ്ദാക്കിയിരുന്നെങ്കിലും ഫ്രഞ്ച് ജോഡികളായ ലൂക്കാസ് കോർവി-റൊണൻ ലാബ്രാർ സഖ്യം ഇന്തോനേഷ്യൻ സഖ്യത്തോട് തോറ്റതോടെ ആണ് ഇന്ത്യയുടെ ഡബിൾസ് ടീം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്.
അതേസമയം ഇന്ന് നടന്ന വനിതാ ഡബിൾസ് ബാഡ്മിന്റണിൽ ഇന്ത്യൻ സഖ്യമായ അശ്വിനി പൊന്നപ്പയും ഡാനിഷ ക്രാസ്റ്റോയും പരാജയപ്പെട്ടു. ജാപ്പനീസ് സഖ്യത്തോട് 11-21, 12-21 എന്നാ സ്കോറിനാണ് ഇന്ത്യൻ താരങ്ങൾ തോറ്റത്. ചൊവ്വാഴ്ച നടക്കുന്ന ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയൻ സഖ്യം ആണ് ഇന്ത്യൻ താരങ്ങളുടെ എതിരാളികൾ.
Discussion about this post