വയനാട്: : ചൂരല്‍മല ടൌണ്‍ വരെ വൈദ്യുതി എത്തിച്ചുവെന്നും, വൈദ്യുതി പുന:സ്ഥാപന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമെന്നും കെഎസ്ഇബി. ഉരുൾപൊട്ടലിൽ ഇതുവരെ രണ്ട് ട്രാൻസ്‌ഫോർമറുകൾ ഒഴുകി കാണാതാവുകയും ആറ് ട്രാൻസ്‌ഫോർമറുകൾ തകർന്ന് നിലംപൊത്തുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശത്തെ 1000 ഓളം ഉപഭോക്താക്കൾക്കുള്ള വൈദ്യുതി വിതരണ സംവിധാനം പൂർണമായും ഇല്ലാതായി .
ഉരുൾപൊട്ടൽ നടന്ന മുണ്ടക്കൈ പ്രദേശത്ത് പ്രധാനപ്പെട്ട ഒരു പാലവും റോഡുകളും ഒലിച്ചു പോയത് കൊണ്ടും രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നതിനാലും അവിടേയ്ക്കു കടന്ന് നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനോ വൈദ്യുതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനോ ഇതുവരെ കഴിഞ്ഞിട്ടില്ല . എന്നാൽ രൂക്ഷമായ കാലാവസ്ഥാ കെടുതികൾക്കിടയിലും ദുരന്തഭൂമിയുടെ സമീപം വരെയുള്ള മേഖലയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കെ എസ് ഇ ബി ക്ക് കഴിഞ്ഞിട്ടുണ്ട്.
ദുരന്തം നടന്നതിനു മറുഭാഗത്തുള്ള രണ്ടായിരത്തോളം വരുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കണമെങ്കിൽ തകർന്ന ലൈനുകൾ പുനഃസ്ഥാപിച്ചാൽ മാത്രമേ സാധിക്കുകയുള്ളു. എന്നാൽ ഇപ്പോൾ മഴക്കാല കെടുതികൾ രൂക്ഷമായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പൂർത്തീകരിച്ചാൽ മാത്രമേ ഈ പ്രവർത്തനം ആരംഭിക്കാനാകൂ. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ എ ബി സി കേബിളുകളും ട്രാൻസ്ഫോർമറുകളും അനുബന്ധ സാമഗ്രികളും കെ എസ് ഇ ബി ലഭ്യമാക്കിയിട്ടുണ്ട് . കൂടാതെ ആവശ്യം വന്നാൽ പ്രവർത്തന സജ്ജരായി, വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുമുണ്ട്.
മേപ്പാടി സെക്ഷനിൽ നിന്നും ഏകദേശം 16 കി മി അകലെയാണ് മുണ്ടക്കൈ, ചൂരൽ മല പ്രദേശം. കനത്ത മഴയിൽ ഇന്നലെ മുതൽക്കുതന്നെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം തകരാറിലായിരുന്നു . ഏകദേശം പുലർച്ചയോടു കൂടി ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കി മി വരെയുള്ള പ്രദേശത്തു വൈദ്യുതിബന്ധം പുനഃ സ്ഥാപിച്ചിക്കാൻ കെ എസ ഇ ബി ക്ക് സാധിച്ചു . തുടർന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടി ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെ വൈദ്യുതിയെത്തിച്ചു. 2 മണിയോടെ ഉരുൾപൊട്ടലിൽ പാലം ഒലിച്ചുപോയ ചൂരൽമല ടൌൺ വരെ 11 kV ലൈൻ പുനഃ സ്ഥാപിച്ചു വൈദ്യുതിയെത്തിച്ചിട്ടുമുണ്ട്.
ഇത്രയും മോശമായ സാഹചര്യത്തിലും, കാറ്റിലും മഴയിലും, മണ്ണൊലിപ്പിലും സ്വന്തം ജീവൻ തന്നെ ഒരു പരിധിവരെ മറന്ന് കൊണ്ട് പ്രവർത്തിക്കുന്ന കെ എസ് ഇ ബി ക്കാർക്ക് പലപ്പോഴും അവർ അർഹിക്കുന്ന അംഗീകാരം ലഭിക്കാറില്ല എന്നതാണ് യാഥാർഥ്യം.
Discussion about this post