തിരുവനന്തപുരം : വഞ്ചിയൂരിൽ യുവതിയെ എയർഗൺ ഉപയോഗിച്ച് വെടിവച്ച കേസിൽ പ്രതി അറസ്റ്റിലായി. കൊല്ലം സ്വദേശിനിയായ വനിതാ ഡോക്ടർ ആണ് അറസ്റ്റിൽ ആയിട്ടുള്ളത്. ഡോ. ദീപ്തി എന്ന യുവതിയെ വഞ്ചിയൂർ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. കേന്ദ്രസർക്കാരിന്റെ എൻആർഎച്ച്എം ജീവനക്കാരിയായ ഷിനി ആയിരുന്നു ആക്രമിക്കപ്പെട്ടിരുന്നത്.
ഷിനിയുടെ ഭർത്താവിനോടുള്ള വൈരാഗ്യമാണ് ഡോ. ദീപ്തിയെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. രണ്ടുദിവസം മുൻപായിരുന്നു തിരുവനന്തപുരം വഞ്ചിയൂർ വില്ലേജിലെ വള്ളക്കടവിലുള്ള പങ്കജ് എന്ന വീട്ടിലെത്തിയ ദീപ്തി എയർഗൺ ഉപയോഗിച്ച് വെടിവച്ചിരുന്നത്. കൊറിയർ നൽകാൻ ഉണ്ടെന്ന വ്യാജേനയായിരുന്നു ദീപ്തി ഈ വീട്ടിലെത്തിയിരുന്നത്. കൊറിയർ കൈ പറ്റിയത് ഒപ്പിടാനായി പേനയെടുക്കാൻ ഷിനി തിരിഞ്ഞ സമയത്താണ് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്.
ദീപ്തിയുടെ ആക്രമണം കൈ കൊണ്ട് തടുക്കാൻ ശ്രമിച്ചതിനാൽ ഷിനിയുടെ കയ്യിലായിരുന്നു വെടിയേറ്റിരുന്നത്. സംഭവത്തിനുശേഷം ഉടൻതന്നെ ദീപ്തി സ്ഥലത്തുനിന്നും കടന്നു കളഞ്ഞിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച കാറിൽ ആയിരുന്നു ദീപ്തി വന്നതെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഈ വാഹനം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് കൊല്ലം സ്വദേശിനിയായ ദീപ്തിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Discussion about this post