കൊച്ചി : അതിശക്തമായ മഴയും കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെടെയുള്ളവയാണ് ഇന്ന് മണ്ണിടിച്ചിലുകൾക്കും ഉരുൾപൊട്ടലുകൾക്കും വഴിയൊരുക്കുന്നത്. ആഗിരണം ചെയ്യാവുന്നതിലും വലിയ തോതിൽ വെള്ളം മണ്ണിലേക്ക് ചുരുങ്ങിയ സമയംകൊണ്ട് എത്തുന്നതോടെയാണ് മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. ഈ അപകടം മുൻകൂട്ടി പ്രവചിക്കാൻ വളരെ പ്രയാസമായതിനാൽ നാസ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇതിനുവേണ്ടി ശാസ്ത്രീയ മാർഗങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണത്തിലാണ്.
അതേസമയം ചുറ്റുപാടും നിരീക്ഷിക്കുന്നതിലൂടെ ഒരു പരിധി വരെ മണ്ണിടിച്ചിലിന്റെ ലക്ഷണങ്ങൾ കണ്ടെത്താനും തിരിച്ചറിയാനും സാധിക്കുമെന്നാണ് യുഎസിൽ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ വിദഗ്ധർ വ്യക്തമാക്കുന്നത്. മണ്ണിടിച്ചിലിന് തൊട്ടുമുൻപ് മുഴക്കമുള്ള ഉഗ്രശബ്ദം കേൾക്കാറുണ്ട്. ഭൂമിയുടെ ഘടന മാറുമ്പോൾ അന്തരീക്ഷത്തിൽ ഉണ്ടാകുന്ന ശബ്ദമാണിത്. ദിവസങ്ങളായി പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന ചെറിയ ശബ്ദങ്ങളുടെ അവസാനമാണ് ഈ വലിയ ശബ്ദമെന്നാണ് കണ്ടെത്തൽ. അതായത് മാസങ്ങൾക്കോ ആഴ്ചകൾക്കോ മുൻപ് തന്നെ ഭൂമി ഈ വ്യതിയാനത്തിന് തയ്യാറെടുക്കുന്നുണ്ടാകും.
ഈ ചെറിയ ശബ്ദങ്ങൾ മനുഷ്യന്റെ ചെവികൾക്ക് കേൾക്കാൻ സാധിക്കില്ല. മണ്ണിടിച്ചിലിന് മുൻപുണ്ടാകുന്ന ഈ ശബ്ദം പിടിച്ചെടുക്കാൻ ഉപകരണം വികസിപ്പിച്ചെടുത്താൽ ഇത്തരം വൻ ദുരന്തങ്ങൾ പൂർണമായും ഒഴിവാക്കാൻ സാധിക്കുമെന്നാണ് പഠനം.
മണ്ണിനടിയിലൂടെ പോകുന്ന വെള്ള പൈപ്പുകളും എണ്ണ പൈപ്പുകളും ഗ്യാസ് പൈപ്പുകളുമെല്ലാം തുടർച്ചയായി നിരീക്ഷിക്കാൻ ഉപകരിക്കുന്ന ഒരു ഉപകരണം ഇംഗ്ലണ്ടിലെ ലാബറോ സർവകലാശാലയിലെ എൻജിനീയർമാർ വികസിപ്പിച്ചെടുത്തിരുന്നു. മണ്ണിനടിയിലുണ്ടാകുന്ന ചലനങ്ങളെ നേരത്തെ തിരിച്ചറിയുകയും വ്യത്യസ്തമായ ശബ്ദങ്ങൾ കേട്ടാൽ അത് നമ്മെ അറിയിക്കുകയും ചെയ്യും. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ മണ്ണിടിച്ചിൽ നേരത്തെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് പഠനം.
മണ്ണിടിച്ചിലിന് സാധ്യതയുള്ള ദുർബലമായ പ്രദേശങ്ങളിൽ എത്ര അളവിൽ മഴ പെയ്താൽ മണ്ണിടിച്ചിൽ സംഭവിക്കുമെന്ന് നേരത്തെ കണക്കുകൂട്ടാൻ കഴിഞ്ഞാൽ വൻ ദുരന്തങ്ങൾ ഒഴിവാക്കാനാകും എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇത് കൂടാതെ പ്രകൃതി തന്നെ മനുഷ്യന് നിരവധി സൂചകൾ നൽകാറുണ്ട്. നദികളിലെ വെള്ളം പെട്ടെന്ന് കലങ്ങി ഒഴുകുന്നത് മണ്ണിടിച്ചിലിന്റെ സൂചനകളാണ്. റോഡിൽ പെട്ടെന്ന് വിള്ളൽ വരുന്നതും ചെറു നീരൊഴുക്കുകൾ രൂപപ്പെടുന്നതും അപകട സൂചനകളാണ്. പെട്ടെന്നൊരു ദിവസം മരം കൊണ്ട് നിർമ്മിച്ച വീടിന്റെ വാതിലും ജനലും അടയ്ക്കാൻ ബുദ്ധിമുട്ടുണ്ടായാൽ ശ്രദ്ധിക്കണം, ഇത് ഭൂമിയുടെ ഘടനയിൽ മാറ്റം വരുന്നതിനാലാണ്.
Discussion about this post