ന്യൂഡൽഹി: വയനാട്ടിലെ ഉരുൾ പൊട്ടൽ സംബന്ധിച്ച് നേരത്തെ തന്നെ കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയിൽ ആയിരുന്നു അമിത് ഷായുടെ പ്രതികരണം. വയനാട് പ്രകൃതിദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഭയിൽ അമിത് ഷാ ആദരാഞ്ജലികൾ അർപ്പിച്ചു.
ഒരാഴ്ച മുൻപ് തന്നെ വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടാകുമെന്ന് കേരള സർക്കാരിന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കഴിഞ്ഞ 23 നായിരുന്നു ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശം നൽകിയത്. പിന്നീട് 24, 25, 26 തിയതികളിലും ഇതുമായി ബന്ധപ്പെട്ട തുടർനിർദ്ദേശങ്ങൾ നൽകി. 20 സെന്റീ മീറ്ററിലധികം മഴ പ്രദേശത്ത് ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നും, അതിനാൽ മണ്ണിടിച്ചലിന് സാദ്ധ്യതയുണ്ടെവന്നും ആയിരുന്നു മുന്നറിയിപ്പ് നൽകിയത്. മണ്ണിടിച്ചലിന് സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാനും നിർദ്ദേശം നൽകിയിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
അതേസമയം ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇന്നും മൃതദേഹങ്ങൾ കണ്ടെടുത്തു. വീടുകൾക്കും കെട്ടിടങ്ങൾക്കും ഉള്ളിൽ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇരുന്നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഇന്ത്യൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ആണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റാൻ ബെയ്‌ലി പാലം നിർമ്മിക്കുകയാണ് കരസേന.
Discussion about this post