വയനാട് : മുണ്ടക്കൈ ഉരുൾപൊട്ടൽ മേഖലയിലെ രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി ശക്തമായ മഴയും മഴവെള്ളപ്പാച്ചിലും. കണ്ണാടി പുഴയിൽ അതിശക്തമായ മഴവെള്ളപ്പാച്ചിൽ ആണ് ഉണ്ടാവുന്നത്. കഴിഞ്ഞദിവസം നിർമ്മിച്ചിരുന്ന താൽക്കാലിക പാലം മലവെള്ളപ്പാച്ചിലിനെ തുടർന്ന് മുങ്ങി. ഇതോടെ മുണ്ടക്കൈ വീണ്ടും ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്.
അതിശക്തമായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് കുത്തിയൊലിച്ച് ഒഴുകുകയാണ് കണ്ണാടിപ്പുഴ. പുഴയ്ക്ക് കരയിൽ നിന്നും എല്ലാവരും മാറി നിൽക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. മലവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം മുങ്ങിയതോടെ രക്ഷാപ്രവർത്തകരും മാദ്ധ്യമ സംഘവും ഉൾപ്പെടെയുള്ള വലിയൊരു കൂട്ടം മുണ്ടക്കൈയിൽ കുടുങ്ങിക്കിടക്കുകയാണ്.
രക്ഷാപ്രവർത്തനത്തിന് തടസമായി കടുത്ത കോടമഞ്ഞും മേഖലയിൽ ഉണ്ടാകുന്നുണ്ട്. മുണ്ടക്കൈയിൽ ഉള്ള എല്ലാവരോടും എത്രയും പെട്ടെന്ന് ചൂരൽമല ഭാഗത്തേക്ക് എത്താനാണ് അധികൃതർ നിർദ്ദേശം നൽകിയിട്ടുള്ളത്. മലവെള്ളപ്പാച്ചിലിന് ഇടയിലും മുണ്ടക്കൈ എൽപി സ്കൂളിന്റെ സമീപത്തു നിന്നും മൂന്നും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നാളെ ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയായാൽ മാത്രമേ ഇനി രക്ഷാപ്രവർത്തനം സുഗമമായ രീതിയിൽ നടത്താൻ കഴിയൂ എന്നാണ് അധികൃതർ അറിയിക്കുന്നത്.
Discussion about this post