തിരുവനന്തപുരം: ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കെന്ന പേരിൽ പണവും ഭക്ഷണവും വസ്ത്രവുമുൾപ്പെടെയുള്ള സാധനങ്ങൾ പിരിയ്ക്കുന്നത് സന്നദ്ധ സംഘടനകൾ നിർത്തിവയ്ക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈയിലെ സ്ഥിതിഗതികൾ വിശദീകരിക്കാനായി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സന്നദ്ധ സംഘടനകളുടെ പേരിൽ ഒറ്റയ്ക്കും കൂട്ടായും പണവും മറ്റ് വസ്തുക്കളും പിരിയ്ക്കുന്നത് നിർത്തിവയ്ക്കണം. ഇതുവരെ സമാഹരിച്ചതെല്ലാം ഇവർ കളക്ടറേറ്റുകളിലേക്ക് കൈമാറണം. തുടർ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറണം. ഈ ഘട്ടത്തിൽ ഇത്തരത്തിൽ സമാഹരണം നടത്തുന്നത് പ്രയോജനപ്പെടില്ല. എന്തെങ്കിലും ആവശ്യം വന്നാൽ ദുരന്തനിവാരണ അതോറിറ്റി അറിയിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും ഉദാരമായി സംഭാവന ചെയ്യണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് ജില്ലാ ഭരണകൂടം ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിലേക്ക് ആവശ്യമായത് എല്ലാം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ സന്നദ്ധ സംഘടനകളുടെ സേവനങ്ങൾ ആവശ്യമില്ല. തുടർപ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ ഒഴിവാക്കണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അഞ്ച് കോടി രൂപ നൽകിയിട്ടുണ്ട്. ലുലുഗ്രൂപ്പ് ചെയർമാൻ ഡോ. എംഎം യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാൺ ജ്വല്ലേഴ്‌സ് ഉടമ കല്യാണ രാമൻ എന്നിവർ അഞ്ച് കോടി രൂപ വീതം നൽകിയിട്ടുണ്ട്. അദാനി ഗ്രൂപ്പും, കെഎസ്എഫ്ഇയും അഞ്ച് കോടി രൂപ വീതം നൽകിയിട്ടുണ്ട്. കാനറബാങ്ക് ഒരു കോടി, കെഎംഎംഎൽ 50 ലക്ഷം , വനിത വികസന കോർപ്പറേഷൻ 30 ലക്ഷം , ഔഷധി ചെയർ പേഴ്സൺ ശോഭന ജോർജ്ജ് 10 ലക്ഷം എന്നിങ്ങനെയാണ് ലഭിച്ച തുകകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post