ടെഹ്റാൻ : ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് ഇസ്രായേലിന് കടുത്ത ശിക്ഷ നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ പ്രദേശത്ത് രക്തസാക്ഷിത്വം വരിച്ച ഇസ്മായിൽ ഹനിയയുടെ രക്തത്തിന് പ്രതികാരം ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണെന്ന് ഞങ്ങൾ കരുതുന്നു എന്നും ഖമേനി വ്യക്തമാക്കി.
ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയ്ക്ക് നൽകിയ പ്രസ്താവനയിലാണ് ഖമേനി ഇസ്രായേലിനെതിരെ വെല്ലുവിളി നടത്തിയത്. ” ക്രിമിനലുകളും തീവ്രവാദികളുമായ സയണിസ്റ്റ് ഭരണകൂടം ഇത്തരം നടപടികളിലൂടെ സ്വയം ശിക്ഷ ചോദിച്ചു വാങ്ങുകയാണ്. പലസ്തീനിലെ മഹത്തായ ചെറുത്തുനിൽപ്പ് മുന്നണി ഹനിയയുടെ നഷ്ടത്തിൽ വിലപിക്കുകയാണ്. ഇസ്രായേൽ കഠിനമായ ശിക്ഷയ്ക്കുള്ള പാത്രം ഒരുക്കി വെച്ചിരിക്കുകയാണ്” എന്നുമാണ് ഖമേനി ഐആർഎൻഎയോട് വ്യക്തമാക്കിയത്.
കൊല്ലപ്പെട്ട ഹമാസ് മേധാവിയെ ‘ധീരനായ നേതാവ്’ എന്നാണ് ഖമേനി വിശേഷിപ്പിച്ചത്.
പ്രമുഖ പലസ്തീൻ മുജാഹിദ് ആയ ഇസ്മായിൽ ഹനിയ തൻ്റെ സ്രഷ്ടാവിനോട് ചേർന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാനിൽ ഖമേനിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേ ദിവസമാണ് ഇസ്മായിൽ ഹനിയ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹനിയയുടെ രക്തസാക്ഷിത്വത്തെ ആദരിക്കുന്നതിനായി ഇറാൻ മൂന്ന് ദിവസത്തെ പൊതു ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post