ജറുസലേം: ഹമാസ് തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത് ബോംബ് ആക്രമണത്തിലൂടെയെന്ന് റിപ്പോർട്ട്. ഇറാനിലെ ഗസ്റ്റ്ഹൗസിലേക്ക് രഹസ്യമായി കടത്തിയ ബോംബ് ആണ് ഹമാസ് തലവന്റെ മരണത്തിന് കാരണമായ ഓപ്പറേഷനിന് നിർണായകമായത്. രണ്ട് മാസം മുൻപ് തന്നെ ഇറാനിലെ ഗസ്റ്റ് ഹൗസിൽ ബോംബ് ഒളിപ്പിച്ചിരുന്നുവെന്നാണ് ന്യൂയോർക്ക് ടൈംസ് അടക്കം റിപ്പോർട്ട് ചെയ്യുന്നത്. മാസങ്ങളായി ഇസ്മായിൽ ഹനിയ ഇറാനിലെത്തുന്ന നല്ല അവസരം കാത്ത് ഇരിക്കുകയായിരുന്നു ചിരവൈരികളെന്ന് ചുരുക്കം.
വടക്കൻ ടെഹ്‌റാനിലെ ഉയർന്ന പ്രദേശമായ നെഷാട്ടിലാണ് ഗസ്റ്റ്ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സ് (ഐആർജിസി) ആണ് ഗസ്റ്റ് ഹൗസിന്റെ നടത്തിപ്പും സംരക്ഷണവും നടത്തുന്നത്.ഇറാൻ പ്രസിഡൻറിൻറെ സ്ഥാനാരോഹണചടങ്ങിൽ പങ്കെടുക്കാൻ ഇറാനിലെത്തിയ ഹനിയ മുറിക്കുള്ളിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചതിന് ശേഷം റിമോട്ട് ഉപയോഗിച്ച് ബോംബ് ആക്ടീവ് ആക്കിയാണ് ആക്രമണം നടത്തിയത്. സ്‌ഫോടനത്തിൽ ഒരു അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു.
ഈ ആക്രമണം കൃത്യമായി ആസൂത്രണം ചെയ്തതാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഹനിയ നേരത്തെ ടെഹ്‌റാൻ സന്ദർശിച്ചപ്പോൾ ഗസ്റ്റ്ഹൗസിൽ പലതവണ താമസിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് മുന്നിൽ കണ്ട് ഗസ്റ്റ് ഹൗസിലെത്തുന്ന അതിഥിക്കായി കാത്തിരിക്കുകയായിരുന്നു ശത്രുക്കൾ. ഇസ്രായേൽ ചാരസംഘടനയായ മൊസാദ് ആണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്.
2023 മുതൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയുടെ ചെയർമാനായിരുന്ന ഹനിയയാണ് 2006ൽ പലസ്തീനിൽ ഹമാസ് അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രിയായത്. ആയിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ഹമാസിന്റെ ഒക്ടോബർ ഏഴിലെ ആക്രമണത്തിനുശേഷം ഹനിയയെ വധിക്കുമെന്നും ഹമാസിനെ തുടച്ചുനീക്കുമെന്നും ഇസ്രയേൽ പ്രതിജ്ഞയെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ആ പ്രതിജ്ഞ നടപ്പാക്കുന്നതിന്റെ ഭാഗമാണോ ഹനിയയുടെ വധം എന്ന് വ്യക്തമല്ല
Discussion about this post