കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചലിനെ തുടർന്ന് കാണാതായ അർജുന്റെ കുടുംബത്തിന് സഹായവുമായി കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക്. അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകുമെന്ന് ബാങ്ക് അറിയിച്ചു. വാർത്താസമ്മേളനത്തിലാണ് ബാങ്ക് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് വീട് വച്ച് നൽകുമെന്നും ബാങ്ക് അറിയിച്ചു.
സഹകരണ നിയമ വ്യവസ്ഥയിൽ ഇളവ് വരുത്തിക്കൊണ്ടാണ് അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകുന്നത്. ജൂനിയർ ക്ലർക്ക് തസ്തികയിൽ കുറയാത്ത നിയമനമാണ് നൽകുക. ഇതുമായി ബന്ധപ്പെട്ട് സർക്കാരിനോട് അനുവാദം ആരാഞ്ഞിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഉടൻ നിയമന ഉത്തരവ് നൽകും.
വയനാട് ഉരുൾപൊട്ടലിലെ ദുരിത ബാധിതർക്ക് അഞ്ച് ലക്ഷം രൂപ വീതം ചിലവഴിച്ചുകൊണ്ടാണ് വീടുകൾ നിർമ്മിച്ച് നൽകുക. അധികാരികളോ സ്വകാര്യ സ്ഥാപനങ്ങളോ വ്യക്തികളോ നൽകുന്ന സ്ഥലത്ത് ആയിരിക്കും ഇത്. പഞ്ചായത്ത് നിർദ്ദേശിക്കുന്ന 11 കുടുംബങ്ങൾക്കാണ് വീട് വച്ച് നൽകുക. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി കൂടിച്ചേർന്നാണ് ബാങ്ക് വീട് നിർമ്മിച്ച് നൽകുക. ഈ വീടുകളുടെ നിർമ്മാണം 120 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കുമെന്നും ബാങ്ക് അറിയിച്ചു.
Discussion about this post