ന്യൂഡൽഹി: പിൻവലിച്ച് ഒരു വർഷം പൂർത്തിയായിട്ടും പൂർണമായും ബാങ്കുകളിലേക്ക് മടങ്ങിയെത്താതെ രണ്ടായിരം രൂപയുടെ നോട്ടുകൾ. അച്ചടിച്ചവയിൽ 2.08 ശതമാനം നോട്ടുകൾ ആണ് ഇനിയും തിരിച്ചെത്താനുള്ളത്. ഇവയുടെ മൂല്യം പരിശോധിച്ചാൽ ഏകദേശം ഏഴായിരം കോടിയോളം വരും.
കഴിഞ്ഞ വർഷം മെയ് 19 നായിരുന്നു റിസർവ്വ് ബാങ്ക് രണ്ടായിരം രൂപ നോട്ടുകൾ പിൻവലിച്ചത്. ഇതിന് മുന്നോടിയായി വളരെ നാളുകൾക്ക് മുൻപ് തന്നെ രണ്ടായിരം രൂപയുടെ അച്ചടി സർക്കാർ നിർത്തിയിരുന്നു. രണ്ടായിരം രൂപ റദ്ദാക്കിയതിന് പിന്നാലെ കൈവശമുള്ള നോട്ടുകൾ ബാങ്കുകളിൽ ഏൽപ്പിച്ച് മാറ്റിവവാങ്ങാൻ റിസർവ്വ് ബാങ്ക് അനുവാദം കൊടുക്കുകയും ചെയ്തു. മാസങ്ങളോളം ആയിരുന്നു ഇതിനായി സാവകാശം നൽകിയത്.
കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനത്തിന് ശേഷം 3.56 ലക്ഷം കോടി രൂപയുടെ രണ്ടായിരം രൂപ നോട്ടുകൾ ആയിരുന്നു വിനിമയത്തിനായി അച്ചടിച്ചിരുന്നത്. ഇതിൽ 97.92 ശതമാനം നോട്ടുകൾ മാത്രമാണ് ബാങ്കുകളിൽ തിരിച്ച് എത്തിയത്. 2024 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം ആണ് ഇത്. 7,409 കോടി രൂപയുടെ രണ്ടായിരം രൂപ നോട്ടുകൾ ആണ് ഇനി ബാങ്കുകളിൽ തിരിച്ചെത്താനുള്ളത് എന്നാണ് റിപ്പോർട്ടുകൾ.
രണ്ടായിരം രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ ഇനിയും അവസരം ഉണ്ട്. എന്നാൽ നോട്ടുകൾ മടങ്ങിയെത്തുമോയെന്ന കാര്യം സംശയമാണ്. മടങ്ങിയെത്താനുള്ള നോട്ടുകൾ എവിടെ പോയി എന്നാണ് ഉയരുന്ന സംശയം.
Discussion about this post