1936…ഇന്ത്യ അവളുടെ സ്വാതന്ത്ര്യത്തിനായി അതിയായി ദാഹിക്കുന്ന സമയം. തെരുവുകൾ ഭാരത് മാതാകീജയ് വിളികളാലും ക്വിറ്റ് ഇന്ത്യയാലും കലുഷിതമായ കാലഘട്ടം. പക്ഷേ സ്ത്രീ സമൂഹത്തെ സംബന്ധിച്ച് മറക്കാനാവാത്ത വർഷമായിരുന്നു അത്.. ഉയരെ പറക്കാൻ ആഗ്രഹി,ച്ച ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിച്ച് തുടങ്ങിയ സ്ത്രീ സമൂഹത്തിൽ നിന്ന് ഡൽഹി സ്വദേശിനിയായ സരള, കുഞ്ഞിന് കുറുക്ക് കൊടുത്ത് സാരിയുടുത്ത് തയ്യാറായി വന്നു. നേരെ കോക്പിറ്റിലേക്ക്…ചരിത്രം പിറന്നു. പൈലറ്റ് ലൈസൻസ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതയായി അന്ന് ആ 21 കാരി മാറി.
സരള ഠക്രാൽ ഉയരങ്ങൾ കീഴടക്കിയ ആ കാലത്തിന് ഏറെ പ്രത്യേകതകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവളുടെ നേട്ടത്തിന് മധുരമേറും. പഠിക്കാനും ജോലി ചെയ്യാനും സ്ത്രീകൾക്ക് നാമമാത്രമായ അവസരങ്ങൾ ലഭിച്ചിരുന്ന കാലം സൈക്കളോടിക്കാൻ… എന്തിനേറെ പറയുന്നു. പറമ്പിലൂടെ ഒന്ന് മനസറിഞ്ഞ് ഓടിക്കളിക്കാൻ പോലും പെൺകുഞ്ഞുങ്ങൾക്ക് വിലക്ക് നേരിടേണ്ടി വന്നിരുന്ന സമയത്താണ് സരള ഉയരങ്ങൾ കീഴടക്കിയത്. അതിന് അവളെ സഹായിച്ചതാകട്ടെ ഭർത്താവും പൈലറ്റുമായിരുന്ന പിഡി ശർമ്മയും. പതിനാറാം വയസ് മാത്രം പ്രായമുണ്ടായിരുന്ന സരളയെ അദ്ദേഹമാണ് ഉയരങ്ങ ൾ സ്വപ്‌നം കാണാൻ പഠിപ്പിച്ചത്. വൈമാനികർ ഏറെയുള്ള പിഡിയുടെ ശർമ്മയുടെ കുടുംബവും മരുമകൾക്ക് പ്രോത്സാഹനമായി നിന്നു.
ഭർത്താവിന്റെ പിന്തുണയോടെ അങ്ങനെ സരള ഠക്രാൽ പറക്കാനുള്ള പരിശീലനത്തിൽ ഏർപ്പെട്ടു.ലാഹോർ ഫ്‌ലൈയിംഗ് ക്ലബിലെ അംഗമായ സരള ആകാശത്ത് 1000 മണിക്കൂർ പരിശീലനം പൂർത്തിയാക്കി ‘എ’ ഗ്രേഡ് സർട്ടിഫിക്കേഷനോടെ കോഴ്‌സ് പാസ്സായി. വ്യോമയാന ലൈസൻസ് ലഭിക്കുമ്പോൾ അവൾക്ക് പ്രായം വെറും 21. ഒരു ചെറിയ ഇരട്ടച്ചിറകുള്ള വിമാനത്തിൽ സാരി ധരിച്ച് അവൾ തന്റെ ഒറ്റയ്ക്കുള്ള ആദ്യത്തെ യാത്ര നടത്തി. നാലുവയസുകാരി മകൾക്ക് ഭക്ഷണം കൊടുത്ത് ഉറക്കിയ ശേഷമായിരുന്നു സരള തന്റെ ചരിത്ര യാത്രയ്ക്കായി തയ്യാറെടുത്തത്. ലൈസൻസ് നേടിയ സരളയ്ക്ക് ഒരു കൊമേർഷ്യൽ പൈലറ്റ് ആകണമെന്ന ആഗ്രഹമുണ്ടായി. ഭർത്താവ് പിഡി ശർമ്മയുടെ മനസും അതിനൊപ്പമായിരുന്നു. പക്ഷേ വിധി…മറ്റൊന്നായിരുന്നു.
1939 ൽ നടന്നൊരു വിമാനാപകടത്തിൽ ശർമ്മ കൊല്ലപ്പെട്ടു. ഇതോടെ സരള ഇരുപത്തിനാലാമത്തെ വയസ്സിൽ വിധവയായി. എങ്കിലും തന്റെ പ്രിയതമന്റെ സ്വപ്‌നം പൂർത്തിയാക്കാൻ സരള തീരുമാനിച്ചു. പക്ഷേ വീണ്ടും നിർഭാഗ്യം സരളയെ തേടിയെത്തി. ആ സമയത്താണ് രണ്ടാം ലോക മഹായുദ്ധം നടക്കുന്നത്. അതോടെ പരിശീലനം അവസാനിപ്പിക്കേണ്ടി വന്നു. അങ്ങനെ ലാഹോറിലേക്ക് തിരികെ വന്ന സരള അവിടെ മായോ സ്‌കൂൾ ഓഫ് ആർട്‌സിൽ ചേർന്നു. ഇന്ത്യ വിഭജനത്തിനു ശേഷം തൻറെ രണ്ട് മക്കളുമായി അവർ തന്റെ സ്വദേശമായ ഡൽഹിയിലേക്ക് തന്നെ തിരികെ വന്നു.
1948 -ൽ അവൾ ആർ.പി ഠക്രാലിനെ വിവാഹം കഴിക്കുകയുണ്ടായി.സരള ടെക്‌സ്‌റ്റൈൽ പ്രിന്റിംഗ്, ജ്വല്ലറി എന്നിവയുടെ ബിസിനസ്സ് ആരംഭിച്ചു. അത് വലിയ വിജയമായി. 2008 -ൽ, 91-ാം വയസ്സിൽ, അവൾ അന്തരിച്ചു. സരളുടെ നിശ്ചയദാർഢ്യവും സ്വപ്‌നസാക്ഷാത്കാരവും നിരവധി വനിതകൾക്ക് പ്രചോദനമായി. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വനിതാ പൈലറ്റുമാരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
Discussion about this post