ഉലക നായകൻ കമലാ ഹാസന്റെ മകൾ അക്ഷര ഹാസൻ പിതാവിനെ പോലെ തന്നെ ഏറെ ആരാധകരുള്ള ഒരു സെലിബ്രിറ്റിയാണ്. പിതാവിന്റെ പിന്തുണയ്ക്കപ്പുറം തന്റേതായ ഒരിടം സിനിമാ മേഖലയിൽ സ്വന്തമാക്കാൻ അക്ഷരയ്ക്കായിട്ടുണ്ട്. 2015ലാണ് അക്ഷരയുടെ അഭിനയ രംഗത്തേയ്ക്കുള്ള അരങ്ങേറ്റം. ബാൽകി സംവിധാനം ചെയ്ത് അമിതാഭ് ബച്ചൻ, ധനുഷ് എന്നിവർ പ്രധാന കഥാപാത്രമായി എത്തിയ ഷമിതാഭ് എന്ന സനിമയിൽ ആദ്യമായി അഭിനയിച്ചു. പിന്നീട് വിവേകം, കദരം കൊണ്ടാൻ തുടങ്ങിയ സിനിമകളിലും തന്റെ കഴിവ് തെളിയിച്ചു.
പഠനത്തിൽ തിളങ്ങാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് അക്ഷര തുറന്നുപറഞ്ഞിട്ടുണ്ട്. പത്താം ക്ലാസിൽ രണ്ട് തവണ തോറ്റിട്ടുണ്ട്. അതിനാൽ തന്നെ ഹൈസ്‌കൂളിൽ തന്നെ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പതിനെട്ട് വയസിന് ശേഷം മാതാപിതാക്കളെ ആശ്രയിക്കില്ലെന്ന് ഉറപ്പിച്ചിരുന്നെങ്കിലും പഠനത്തിൽ പിന്നാക്കമായതിനാൽ തന്നെ ഏറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അക്ഷര പറയുന്നു.
രണ്ടാമത്തെ പ്രാവശ്യവും പത്താം ക്ലാസ് തോറ്റപ്പോൾ മാനം പോയല്ലോ എന്നാണ് യഥാർത്ഥത്തിൽ തോന്നിയത്. എന്താണ് ഇനി ചെയ്യുക എന്ന് സത്യത്തിൽ അറിയില്ലായിരുന്നു. അപ്പയോട് സംസാരിച്ചു. പരാമാവധി താൻ ശ്രമിച്ചു. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അദ്ദേഹത്തോട് ചോദിച്ചു. പഠിത്തം മുന്നോട്ട് കൊണ്ടുപോവാൻ കഴിയില്ലെന്നും എങ്കിലും ഒരിക്കലും വെറുതെ ഇരുന്ന് ലൈഫ് കളയില്ലെന്നും അദ്ദേഹത്തിന് വാക്കുനൽകി.
അങ്ങനെയാണ് സിംഗപൂർ പോയി നിർത്തം പഠിക്കുന്നതിനെ കുറിച്ച് തീരുമാനിച്ചത്. അവിടുത്തെ പ്രവേശന പരീക്ഷ പാസാകുകയും എഡ്രേും എ പ്ലസും എല്ലാം കിട്ടുകയുമൊക്കെ ചെയ്തപ്പോൾ ഇത് നേരത്തെ ചെയ്യാമായിരുന്നില്ലേ എന്ന് തോന്നി. എന്നാൽ, അവിടെ വച്ച് ഡാൻസ് കളിക്കുന്നതിനിടെ കാലിന് ഗുരുതരമായ പരിക്ക് പറ്റിയതോടെ ഡാൻസ് എന്ന സ്വപ്‌നവും പൊലിഞ്ഞു.
അങ്ങനെയാണ് മുംബൈയിലേയ്ക്ക് എത്തിയത്. പിന്നീട് സിനിമയിൽ തുടക്കം കുറിയ്ക്കുകയായിരുന്നു. മാതാപിതാക്കൾ ഞങ്ങളുടെ സ്വപ്‌നങ്ങൾക്ക് എന്നും പിന്തുണയായിരുന്നു. വിദ്യഭ്യാസത്തെ കുറിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാടുള്ളവരായിരുന്നു അവർ. അതുകൊണ്ട് സ്വന്തമായി തീരുമാനമെടുക്കാൻ അവരെന്നും സ്വാതന്ത്ര്യം തന്നിട്ടുണ്ട്. അമ്മ സരികയാണ് ഏറ്റവും കൂടുതൽ തങ്ങളുടെ സ്വപ്‌നങ്ങൾക്ക് കൂട്ടായിട്ടുള്ളതെന്നും അക്ഷര പറഞ്ഞു.












Discussion about this post