ന്യൂഡൽഹി:ബംഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം ആളികത്തുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടാണ് രാജ്യത്ത് ക്രമസമാധാനം തകർന്നിരിക്കുന്നത്. 90ലധികം പേർ അക്രമങ്ങളിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.ഇതോടെ ബംഗ്ലാദേശിലുള്ള തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ നിർദേശിച്ചു.സിൽഹറ്റിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ അധികാരപരിധിയിൽ താമസിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഓഫീസുമായി ബന്ധപ്പെടണം. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പരും അധികൃതർ നൽകിയിട്ടുണ്ട്.
ഇന്ന് വൈകീട്ട് ആറ് മുതൽ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫേസ്ബുക്ക് , വാട്സാപ്പ് തുടങ്ങി സാമൂഹികമാദ്ധ്യമങ്ങളെല്ലാം സർക്കാർ നിർദേശത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചു. 4 ജി ഇന്റർനെറ്റ് സേവനം ലഭ്യമാക്കരുതെന്ന് മൊബൈൽ ഓപ്പറേറ്റർമാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെയാണ് ബംഗ്ലാദേശിൽ പ്രക്ഷോഭം അരങ്ങേറുന്നത്. പ്രക്ഷോഭം രൂക്ഷമായ ഘട്ടത്തിൽ ഓഗസ്റ്റ് 1ന് ജമാഅത്തെ ഇസ്ലാമിയെയും അവരുടെ വിദ്യാർഥി വിഭാഗമായ ഇസ്ലാമി ഛത്ര ശിബിറിനെയും സർക്കാർ നിരോധിച്ചു.
Discussion about this post