നിഗൂഢതയുടെ വശ്യതയും വന്യതയുടെ വൈവിദ്ധ്യവും പേറുന്ന ഭൂമിക. പുറത്ത് നിന്ന് നോക്കുന്നവർക്ക് ഏറെ ജിജ്ഞാസ സമ്മാനിക്കുന്ന ദ്വീപ് രാഷ്ട്രം. സങ്കൽപ്പങ്ങൾക്കും അപ്പുറമാണ് പാപ്പുവ ന്യൂഗിനിയ. മനുഷ്യമാംസം കഴിക്കുന്നവർ അടക്കം ആയിരത്തോളം ഗോത്ര വർഗ്ഗങ്ങൾ. 4,62,000 സ്‌ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്ത് എണ്ണൂറിലധികം ഭാഷകൾ സംസാരിക്കുന്നു. ഓരോ ഗോത്രത്തിനും ഓരോ സാമ്രാജ്യമുണ്ട് ഇവിടെ. പുറം ലോകവുമായി അധികം ബന്ധമില്ലാത്ത ഗോത്ര വിഭാഗക്കാർ വസിക്കുന്ന ദ്വീപ് കൂടിയാണ് പാപ്പുവ ന്യൂഗിനി.
രാജ്യത്തിന്റെ പലയിടങ്ങളിലും ഗതാഗത യോഗ്യമായ റോഡുകൾ പോലുമില്ല. ഇത് കൊണ്ട് തന്നെ ദ്വീപിലെ ഉൾപ്രദേശങ്ങളിലേക്ക് എത്തിപ്പെടുക ശ്രമകരം. അതിർത്തികൾ കൃത്യമായി നിർണയിച്ചിട്ടില്ലാത്തതിനാൽ ദ്വീപിലൂടെയുള്ള സഞ്ചാരം അത്യന്തം അപകടകരമാണ്. അതിർത്തി ലംഘനവും കടന്നുകയറ്റവും പൊറുക്കാൻ പറ്റാത്ത കുറ്റമായാണ് ഗോത്രവിഭാഗക്കാർ കാണുന്നത്. പോരാത്തതിന് കൊറോവായി ഉൾപ്പെടെയുള്ള ചില ഗോത്രങ്ങൾക്കിടയിൽ നരഭോജികൾ ഉണ്ടെന്നതും ഭയം ഇരട്ടിയാക്കും. ദുരൂഹ സാഹചര്യത്തിൽ ആളുകൾ മരിക്കുന്നതിന് പിന്നിൽ പിശാചുക്കളാണെന്നാണ് കൊറോവായി ഗോത്രക്കാരുടെ വിശ്വാസം. ഇതിന് പ്രതികാരം ചെയ്യാനാണ് ഇവർ ഇത്തരത്തിൽ മരിച്ചവരുടെ ശവശരീരങ്ങൾ ഭക്ഷിക്കുന്നത്.
ആദിമ മനുഷ്യന്റെ കുടിയേറ്റത്തിന്റെ പിൻബലത്തിൽ വേരുറച്ച മണ്ണാണ് പാപ്പുവ ന്യൂഗിനിയ. ഇന്ന് കാണുന്ന തദ്ദേശീയരുടെ നീഗ്രോ രൂപഭാവങ്ങൾ ഇതിന്റെ ബാക്കിപത്രമാണ്. നാടിന്റെ പേര് തന്നെ ഉദാഹരണം. സുഗന്ധവ്യഞ്ജനങ്ങൾ തേടിയിറങ്ങിയ യൂറോപ്യൻ സഞ്ചാരികൾ പതിനഞ്ചാം നൂറ്റാണ്ടിലാണ് ആഫ്രിക്കയിലെ ഗിനി കണ്ടെത്തുന്നത്. അവിടെ നിന്ന് യാത്ര തിരിച്ചവർ പിന്നീട് ഇന്തോനേഷ്യയ്ക്ക് തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന വനങ്ങൾ നിറഞ്ഞ ദ്വീപിൽ എത്തുന്നു. അവിടെ കണ്ട ജനങ്ങൾക്ക് ആഫ്രിക്കയിലെ ഗിനിയിലെ ആളുകളുമായി സാമ്യം തോന്നി. ഇക്കാരണത്താലാണ് പുതുതായി എത്തിച്ചേർന്ന സ്ഥലത്തിന് യൂറോപ്യൻ സഞ്ചാരികൾ ന്യൂഗിനി എന്ന പേര് നൽകിയത്.
യൂറോപ്യന്മാർ വരുന്നതിന് മുൻപ് തന്നെ ദ്വീപിലുള്ളവർക്ക് ഇന്തോനേഷ്യയുമായി ബന്ധം ഉണ്ടായിരുന്നു. ദ്വീപ് നിവാസികളെ ചുരുണ്ട മുടിയുള്ളവർ എന്ന അർഥം വരുന്ന പാപ്പുവ എന്നാണ് ഇന്തോനേഷ്യക്കാർ വിളിച്ചിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ദ്വീപ് വിഭജിക്കപ്പെട്ടപ്പോൾ ഒരു ഭാഗം ഇന്തോനേഷ്യയുടെ അധീനതയിലായി.
കിഴക്ക് ഭാഗം പാപ്പുവ ന്യൂഗിനി എന്ന സ്വതന്ത്ര രാഷ്ട്രമായി മാറിയപ്പോൾ,
ബാക്കി പ്രദേശം വെസ്റ്റ് പാപ്പുവ എന്ന പേരിൽ ഇന്തോനേഷ്യയിലെ ഒരു സംസ്ഥാനമായി പരിണമിച്ചു.
കൗതുകം ജനിപ്പിക്കുന്ന അനേകം കാര്യങ്ങൾ കൊണ്ട് സമ്പന്നമാണ് പാപ്പുവ ന്യൂഗിനി. രാജ്യത്ത് സംസാരിക്കുന്ന ഭാഷകളുടെ എണ്ണമാണ് ഇതിൽ ഏറ്റവും പ്രധാനം. പാപ്പുവ ന്യൂഗിനിയിൽ മൊത്തം
851 ഭാഷകൾ ആശയ വിനിമയത്തിനായി ഉപയോഗിക്കുന്നു. ഇതിൽ ഏറ്റവും അധികം ആളുകൾ സംസാരിക്കുന്നത് ടോക് പിസിൻ എന്ന ഭാഷയാണ്. ഇന്തോനേഷ്യയുടെ കിഴക്കും ഓസ്‌ട്രേലിയയുടെ പടിഞ്ഞാറുമായി സ്ഥിതി
ചെയ്യുന്ന പാപ്പുവ ന്യൂഗിനി, നിബിഢ വനങ്ങളാൽ സമൃദ്ധമാണ്. ആമസോണും കോംഗോയും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ മഴക്കാടാണ് ഇവിടെയുള്ളത്. ഏതാണ്ട്, 2,88,000 സ്‌ക്വയർ കിലോമീറ്റർ നീളുന്നതാണ് ഈ മഴക്കാടിന്റെ
വിസ്തീർണം.
ലോകത്ത് അപൂർവമായി മാത്രം കാണുന്ന വിഷപക്ഷിയുടെ തട്ടകം കൂടിയാണ് പാപ്പുവ ന്യൂഗിനി. ശരീരത്തിനുള്ളിൽ വിഷവസ്തുക്കൾ അടങ്ങിയ ഈ പക്ഷിയുടെ പേര് പിറ്റോഹുയി എന്നാണ്. അപൂർവയിനം ജീവജാലങ്ങൾക്കൊപ്പം
ജൈവ വൈവിദ്ധ്യം കൊണ്ടും സമ്പന്നമാണ് പാപ്പുവ ന്യൂഗിനി. ഹൈലാൻഡ് ബനാന ട്രീ എന്ന് അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ വാഴയിനമാണ് മുസ ഇൻഗെൻസ്. പാപ്പുവ ന്യൂഗിനിയിൽ സജീവമായി വളരുന്ന ഈ ഭീമൻ വാഴ, 50 അടി പൊക്കത്തിൽ വരെ വളരുമെന്നാണ് പഠനങ്ങൾ. ഏകദേശം അഞ്ചുനില കെട്ടിടത്തിന്റെ പൊക്കം വരെ വരാം. ലോകത്തിലെ ഏറ്റവും വലിയ സസ്യമെന്ന വിളിപ്പേരും മുസ ഇൻഗെൻസിന് നൽകാറുണ്ട്.
രാജ്യത്തിന്റെ ദക്ഷിണ തീരത്ത് സ്ഥിതി ചെയ്യുന്ന പോർട്ട് മോറെസ്‌ബിയാണ്
പാപ്പുവ ന്യൂഗിനിയുടെ തലസ്ഥാനം.
ഓസ്‌ട്രേലിയയ്ക്കും ന്യൂസിലൻഡിനും പുറത്ത് തെക്ക് പടിഞ്ഞാറൻ പസഫിക്ക് മേഖലയിലെ ഏറ്റവും വലിയ നഗരമാണ്
പോർട്ട് മൊറെസ്ബി. മൂന്നരലക്ഷത്തോളം ജനങ്ങൾ ഇവിടെ അധിവസിക്കുന്നു. അഗ്നിപർവത സ്ഫോടനങ്ങൾക്ക് സാധ്യതയുള്ള റിംഗ് ഓഫ് ഫയർ മേഖലയിലാണ് ഈ രാജ്യം. അടുത്തിടെ ഇവിടെയുള്ള ചില അഗ്നിപർവതങ്ങൾ പൊട്ടിത്തെറിച്ചിരുന്നു. ആയിരത്തിൽ അധികം ഗോത്രങ്ങളുള്ള പാപ്പുവ ന്യൂഗിനിയിൽ 50,000ത്തോളം വർഷമായി മനുഷ്യവാസമുണ്ടെന്നാണ് കരുതുന്നത്.
സ്വർണ്ണവും ചെമ്പുമാണ് രാജ്യത്തെ പ്രധാന ലോഹ നിക്ഷേപങ്ങൾ. പാപ്പുവ ന്യൂഗിനിയിലെ ടെംബാഗാപുര എന്ന മേഖലയിലാണ് ഏറ്റവും അധികം സ്വർണ നിക്ഷേപമുള്ളത്. ലോകത്തെ മൂന്നാമത്തെ വലിയ ദ്വീപ് രാഷ്ട്രമായ പാപ്പുവ ന്യൂഗിനിയിലെ ജനസംഖ്യ ഒരു കോടി പതിനേഴ് ലക്ഷത്തോളം വരും. ജർമ്മനിയുടെയും ബ്രിട്ടന്റെയും കോളനിയായിരുന്ന രാജ്യം പിന്നീട് ഓസ്ട്രേലിയയുടെ ഭരണത്തിലായി. 1975ലാണ് സ്വാതന്ത്ര്യം ലഭിക്കുന്നത്.
പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ പിന്തുടരുന്ന രാഷ്ട്രമാണ് പാപ്പുവ ന്യൂഗിനി. ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനാണ് ഭരണതലവൻ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം രാജ്യം സന്ദർശിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പാപ്പുവ പ്രധാനമന്ത്രി ജെയിംസ് മറാപ്പെ ഭാരതീയ ശൈലിയിൽ നരേന്ദ്ര മോദിയുടെ കാൽതൊട്ടു വന്ദിച്ചായിരുന്നു അന്ന് അദ്ദേഹത്തെ സ്വീകരിച്ചത്.
പ്രകൃതി വിഭവങ്ങൾ കൊണ്ട് സമ്പന്നമാണെങ്കിലും, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഭൂമി ശാസ്ത്രപരമായി എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുമാണ് പാപ്പുവ ന്യൂഗിനിയുടെ വികസനത്തിന് തടസം നിൽക്കുന്നത്. ഇതിനൊപ്പം രാജ്യത്തെ ഉയർന്ന കുറ്റകൃത്യ നിരക്കും അക്രമ സംഭവങ്ങളും ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കുന്നു.
ലോകത്ത് ഏറ്റവും കുറവ് വിനോദ സഞ്ചാരികൾ എത്തുന്ന രാഷ്ട്രങ്ങളിൽ ഒന്ന് കൂടിയാണ് പാപ്പുവ ന്യൂഗിനിയ. എന്നാൽ, സാഹസികത ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്ന ഒരുപാട് ഘടകങ്ങൾ ഈ ദ്വീപ് രാഷ്ട്രത്തിൽ ഉണ്ടെന്നതാണ് മറ്റൊരു വസ്തുത.













Discussion about this post