ധാക്ക: ബംഗ്ലാദേശിൽ അശാന്തി പരത്തി സംവരണ വിരുദ്ധ പ്രക്ഷോഭകാരികൾ. മുൻ പ്രസിഡന്റും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ പ്രതിമ അടിച്ച് തകർത്തു. ധാക്കയിൽ സ്ഥാപിച്ചിരുന്ന പ്രതിമയ്ക്ക് നേരെയാണ് സമരക്കാർ ആക്രമണം നടത്തിയത്. ഷെയ്ഖ് ഹസീനയുടെ വസതിയുൾപ്പെടെ അക്രമകാരികൾ കയ്യേറിയിട്ടുണ്ടെന്നാണ് വിവരം.
വൈകീട്ടോടെയാണ് സംവരണ വിരുദ്ധ പ്രക്ഷോഭം അതിന്റെ പാരമ്യത്തിൽ എത്തിയത്. ഇതിന് പിന്നാലെ ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ബംഗ്ലാദേശ് വിടുകയായിരുന്നു. ഇതിന് പിന്നാലെ ബംഗ്ലാദേശിന്റെ ഭരണം പിടിച്ചെടുത്തതായി പ്രഖ്യാപിച്ച സൈനിക മേധാവി ജനങ്ങളോട് സമാധാനം പാലിക്കാനും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതും അവഗണിച്ചുകൊണ്ടാണ് പ്രക്ഷോഭകാരികൾ തെരുവിൽ അഴിഞ്ഞാടുന്നത്.
നാല് ലക്ഷം പേരാണ് പ്രതിഷേധിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അതിൽ കൂടുതൽ പേർ പ്രതിഷേധിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. അക്രമസംഭവങ്ങളിൽ നിരവധി പേർക്കാണ് പരിക്കേറ്റിരിക്കുന്നത് എന്നാണ് വിവരം. സമരത്തെ തുടർന്ന് ഇന്നലെ മാത്രം 98 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 14 പോലീസുകാരും ഉൾപ്പെടുന്നു. ഇന്നും നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധ അക്രമ സംഭവങ്ങളിലായി ഇതുവരെ 300 ഓളം പേർക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post