ധാക്ക : ബംഗ്ലാദേശിൽ അശാന്തി തുടരുന്നതിനാൽ ധാക്കയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ച് എയർ ഇന്ത്യ . ധാക്കയിലേക്കും തിരിച്ചുമുള്ള സർവീസാണ് വിമാനക്കമ്പനി നിർത്തിവച്ചിരിക്കുന്നത്. യാത്രക്കാർക്കുള്ള റീഷെഡ്യൂൾ അല്ലെങ്കിൽ ക്യാൻസലേഷൻ ചാർജുകളിൽ ഒറ്റത്തവണ ഇളവ് എയർലൈനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
യാത്രക്കാരുടെയും ക്രൂ അംഗങ്ങളുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു. ബംഗ്ലാദേശിലെ ഉയർന്നുവരുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം എന്ന് എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കൂടാതെ ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിൻ പ്രവർത്തനങ്ങളും ഇന്ത്യൻ റെയിൽവേ നിർത്തിവച്ചു. കൊൽക്കത്ത-ധാക്ക-കൊൽക്കത്ത മൈത്രീ എക്സ്പ്രസ് (13109/13110), കൊൽക്കത്ത-ധാക്ക-കൊൽക്കത്ത മൈത്രി എക്സ്പ്രസ് (13107/13108), കൊൽക്കത്ത-ഖുൽന-കൊൽക്കത്ത ബന്ധൻ എക്സ്പ്രസ്, ധാക്ക-ന്യൂ ജൽപായ്ഗുരി-ധാക്കാ മിതാലി എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ.
കലാപത്തെ തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി രാജി വച്ചു. ഇതിന് പിന്നാലെ ഷെയ്ഖ് ഹസീന പെട്ടെന്ന് രാജ്യം വിടുകയും ചെയ്തു. സുരക്ഷാ ജീവനക്കാരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷെയ്ഖ് ഹസീന സഹോദരിയ്‌ക്കൊപ്പം രാജ്യം വിട്ടതെന്നാണ് റിപ്പോർട്ടുകൾ. പിന്നാലെ ബംഗ്ലാദേശ് സൈനിക മേധാവി സൈന്യം ഭരണം ഏറ്റെടുത്തതായും രാജ്യത്ത് ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും അറിയിച്ചു. 300 ൽ അധികം പേരാണ് സംവരണ നയങ്ങൾക്കെതിരെ നടന്ന പ്രതിഷേധങ്ങളിലും അക്രമസംഭവങ്ങളിലും മരണപ്പെട്ടത് .
Discussion about this post