കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരിച്ച മകളുടെ മൃതദേഹം അച്ഛൻ തിരിച്ചറിയാനെത്തിയത് ചുറ്റുമുള്ളവരുടെ ഹൃദയം നുറുക്കുന്ന കാഴ്ചയായി. വയനാട് ദുരന്തത്തിന് ശേഷം ബ്രെഷ്‌നെവിന്റെ മകൾ 14 വയസുകാരി അനാമികയെ കാണാതായിരുന്നു. ഉരുൾപൊട്ടൽ ഉണ്ടാകുമ്പോൾ ചൂരൽമല സ്‌കൂൾ റോഡിലുള്ള ഇവരുടെ തറവാട്ട് വീട്ടിലായിരുന്നു അനാമി.
ഈ കഴിഞ്ഞ ഞായറാഴ്ച, മലപ്പുറത്തെ ചാലിയാർ നദിയിൽ നിന്ന് കണ്ടെടുത്ത കൗമാരക്കാരിയുടേതെന്ന് കരുതുന്ന ഭാഗികമായി അഴുകിയ മൃതദേഹം തിരിച്ചറിയാനാണ് ബ്രെഷ്നെവിനെ വിളിച്ചുവരുത്തിയത്.ദുരന്തം സംഭവിക്കുമ്പോൾ തന്റെ മകൾ നീല നെയിൽ പോളിഷ് ധരിച്ചിരുന്നുവെന്നും അത് ഇപ്പോഴും കേടുകൂടാതെയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മറ്റൊരു കുടുംബം എത്തി. ഒരു കൂട്ടം സ്ത്രീകൾ അത് തങ്ങളുടെ കുടുംബത്തിലെ പെൺകുട്ടിയാണെന്ന് പറഞ്ഞു. തങ്ങളുടെ കുട്ടി ഒരിക്കലും നെയിൽ പോളിഷ് ഉപയോഗിക്കാത്തതിനാൽ, മൃതദേഹം നദിയിൽ കുറച്ച് ദിവസങ്ങൾ കിടന്നതിന് ശേഷം അവളുടെ നഖങ്ങൾ നീലയായി മാറിയിരിക്കാമെന്ന് അവർ അവകാശപ്പെട്ടു.
ഇരു കൂട്ടരുടെയും അവകാശവാദങ്ങൾ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കി. ഒടുവിൽ ഉദ്യോഗസ്ഥർ യോഗം ചേർന്ന ശേഷം ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിൽ നഖം പരിശോധിക്കാൻ തീരുമാനിച്ചു. നഖത്തിന്റെ ഭാഗം ചുരണ്ടാൻ തുടങ്ങിയപ്പോൾ അത് നെയിൽ പോളിഷ് ആണെന്ന് തെളിഞ്ഞു. ഒടുവിൽ മൃതദേഹം ബ്രെഷ്നെവിന് കൈമാറി മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിന് സമീപമുള്ള സമൂഹ ശ്മശാനത്തിൽ സംസ്‌കരിച്ചു.
Discussion about this post