ന്യൂഡൽഹി: കലാപകാരികളെ ഭയന്ന് ഇന്ത്യയിലേക്ക് ഷെയ്ഖ് ഹസീന പറന്ന വിമാനത്തിന് കാവലാകുന്നത് വ്യോമസേനയുടെ കരുത്തന്മാരായ റഫാൽ വിമാനങ്ങൾ. ബംഗ്ലാദേശ് വ്യോമസേനയുടെ സി-130 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റിന് രണ്ട് റഫേൽ വിമാനങ്ങളാണ് സുരക്ഷയൊരുക്കിയത്. നിലവിൽ ഗാസിയാബാദിലെ ഹിൻഡൻ വ്യോമതാവളത്തിലാണ് സി 130 ഉള്ളത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു വിമാനത്തിൽ ഹസീന ഹിൻഡനിൽ എത്തിയത്. ഇന്ത്യയിൽ തങ്ങാൻ കേന്ദ്രം ഷെയ്ഖ് ഹസീനയ്ക്ക് അനുമതി നൽകിയതിനെ തുടർന്നായിരുന്നു ഇത്. റഫേലിന്റെ 101 സ്‌ക്വാഡ്രൺ ആണ് ഇവിടെയുള്ളത്. ഇവിടെയെത്തിയത് മുതൽ ബംഗ്ലാദേശിന്റെ വിമാനം വ്യോമസേനയുടെ നിരീക്ഷണത്തിലാണ്. എയർചീഫ് മാർഷൽ വി. ആർ ചൗധരി, ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ വ്യോമതാവളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. ഉന്നതതല യോഗം ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട് ചേർന്നിരുന്നു.
ഹിൻഡ്ബർഗ് വ്യോമതാവളത്തിൽ എത്തിയ ഹസീനയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ആയിരുന്നു സ്വീകരിച്ചത്. ഒരു മണിക്കൂർ നേരം ഇരുവരും തമ്മിൽ ബംഗ്ലാദേശിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. ഇതിന് ശേഷമാണ് ഹസീന താമസസ്ഥലത്തേക്ക് പോയത്. ബംഗ്ലാദേശ് വിഷയം ചർച്ച ചെയ്യാൻ ക്യാബിനറ്റ് യോഗവും കഴിഞ്ഞ ദിവസം ചേർന്നിരുന്നു
Discussion about this post