പാരീസ്; പാരീസ് ഗെയിംസിൽ ഇന്ത്യക്കായി രണ്ട് ഷൂട്ടിംഗ് മെഡലുകൾ നേടിയ മനു ഭാക്കറിന് ഭഗവദ് ഗീത സമ്മാനിച്ച് ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേഗ് അഷ്‌റഫ്. മനുവിനും അവരുടെ പരിശീലകൻ ജസ്പാൽ റാണയ്ക്കും വസതിയിൽ സ്വീകരണം നൽകിയ ഇന്ത്യൻ സ്ഥാനപതി, ഇരുവരും രാജ്യത്തിന് വേണ്ടി നൽകിയ സംഭാവനകളെ പ്രശംസിച്ചു. സോഷ്യൽമീഡിയയിൽ അദ്ദേഹം ഹൃദ്യമായ ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. മനു ഒരു തലമുറയെ പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം കുറിപ്പിൽ എടുത്തുപറഞ്ഞു.
‘മഹത്തായ ജ്ഞാനത്തിന്റെ കാലാതീതവും സാർവത്രികവുമായ നിധിയിൽ നിന്നുള്ള പ്രചോദനത്തിന്റെ ജീവിതകാലം എന്നാണ് മനു ഭാക്കറിന് മതഗ്രന്ഥം സമ്മാനിക്കുന്ന ചിത്രത്തിൽ അഷ്റഫ് എഴുതിയത്. അത് സ്വതസിദ്ധമായിരുന്നു! അവൾ ഷെൽഫിൽ നിന്ന് പുസ്തകം എടുത്തു.. ഇഷ്ടപ്പെട്ടു. അതിനാൽ, ഞാൻ അവൾക്ക് കൊടുത്തു. ഞാൻ അതിൽ എന്തെങ്കിലും എഴുതണമെന്ന് അവൾ നിർബന്ധിച്ചുവെന്ന് അംബാസഡർ പറഞ്ഞു.
നേരത്തെ മെഡൽ നേട്ടത്തിന് ശേഷം ഭഗവദ്ഗീതയാണ് തന്റെ വിജയത്തിന് പ്രചോദനമായത് എന്ന് മനു ഭാക്കർ പറഞ്ഞിരുന്നു. മെഡൽ നേട്ടത്തിനു പിന്നാലെ സംസാരിക്കവെയാണ് ഭഗവദ്ഗീതയെ കുറിച്ച് മനു ഭാക്കർ വാചാലയായത്. ഗീതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മത്സരത്തിന്റെ അവസാന ഘട്ടം വരെ ഭഗവദ് ഗീതയിലെ വാക്കുകൾ തന്നോട് ചേർത്തു നിർത്തിയെന്നും മനു ഭാക്കർ പറഞ്ഞിരുന്നു.
സത്യം പറഞ്ഞാൽ, ഞാൻ ഒരുപാട് ഗീത വായിച്ചിട്ടുണ്ട്. അപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയത് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുക എന്നതാണ്. വിധി എന്തായാലും നിങ്ങൾക്ക് ഫലം നിയന്ത്രിക്കാൻ കഴിയില്ല. അത് കൊണ്ട് ഗീതയിൽ കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞതാണ് ഞാൻ മനസിൽ കൊണ്ടുനടന്നത്. കർമ്മം ചെയ്യുക, കർമ്മഫലത്തെ കുറിച്ച് ആലോചിക്കരുത്. ഇതാണ് എന്റെ മനസിൽ ഉണ്ടായിരുന്നതെന്നായിരുന്നു മനു ഭാക്കർ വ്യക്തമാക്കിയത്.
Discussion about this post