കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശപ്പെട്ട കലാപത്തിനാണ് ബ്രിട്ടൻ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. കുടിയേറ്റക്കാർക്കും പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തിനും നേരെ കടുത്ത ആക്രമണങ്ങളാണ് ബ്രിട്ടനിലൂടനീളം ഉണ്ടാകുന്നത്. തീവ്ര വലതുപക്ഷവാദികളായ പ്രക്ഷോഭകർ റോതർഹാമും മാഞ്ചസ്റ്ററും ഉൾപ്പെടെയുള്ള നിരവധി നഗരങ്ങളിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. കുടിയേറ്റക്കാർക്ക് എതിരായി ആരംഭിച്ച പ്രക്ഷോഭങ്ങൾ ഇപ്പോൾ പോലീസിനെതിരെ പോലും തിരിഞ്ഞിരിക്കുകയാണ്. എന്താണ് യഥാർത്ഥത്തിൽ യുകെയെ ആശാന്തിയിലാഴ്ത്തിയ ഈ കലാപത്തിന് കാരണമായത്?
ഏതാനും സമൂഹമാദ്ധ്യമ പോസ്റ്റുകളിലൂടെ ആയിരുന്നു യുകെയിലെ കുടിയേറ്റ വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇക്കഴിഞ്ഞ ജൂലൈ 29ന് ലിവർപൂളിന് വടക്കുള്ള കടൽത്തീരപ്പട്ടണം ആയ സൗത്ത് പോർട്ടിൽ നടന്ന ഒരു സംഗീത പരിപാടിക്ക് ഇടയിൽ മൂന്ന് പെൺകുട്ടികൾ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടു. ആറു വയസ്സിനും ഒൻപതു വയസ്സിനും ഇടയിലുള്ള ഈ മൂന്ന് പെൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയത് 17 വയസ്സുള്ള ഒരാൺകുട്ടിയാണ്. ഈ ദാരുണമായ സംഭവത്തിലെ പ്രതി ഒരു മുസ്ലിം അഭയാർത്ഥിയാണെന്നും ഈ കുടിയേറ്റക്കാർ ബ്രിട്ടനെ നശിപ്പിക്കുകയാണ് എന്ന രീതിയിലും ഉള്ള ചില സമൂഹമാദ്ധ്യമ പോസ്റ്റുകൾ ആണ് ബ്രിട്ടനിലെ തീവ്ര വലതുപക്ഷത്തിന്റെ രോഷം ആളിക്കത്തിച്ചത്. ഇതോടെയാണ് കുടിയേറ്റക്കാർക്ക് എതിരായി പ്രക്ഷോഭകർ തെരുവിലിറങ്ങിയത്.
വിവിധ ആക്രമണങ്ങളിലായി ഇതുവരെ 400 ലേറെ പേരാണ് യുകെയിലെ ഈ കലാപത്തെ തുടർന്ന് അറസ്റ്റിൽ ആയിട്ടുള്ളത്. കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും എതിരെ വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നത്. 2009 മുതൽ മുസ്ലീം വിരുദ്ധ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന തീവ്ര വലതുപക്ഷ ഗ്രൂപ്പായ ഇംഗ്ലീഷ് ഡിഫൻസ് ലീഗിന്റെ പ്രവർത്തകരാണ് ഈ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. നിരവധി കുടിയേറ്റക്കാരുടെ വീടുകളും മുസ്ലിം പള്ളികളും ആക്രമണത്തിനിരയായി. കുടിയേറ്റക്കാർക്ക് അഭയം നൽകിയ ഹോട്ടലുകൾ പോലും കലാപകാരികൾ അടിച്ചു തകർത്തു.
സൗത്ത് പോർട്ടിലെ പെൺകുട്ടികളുടെ മരണത്തിന് കാരണക്കാരൻ ആയ കൗമാരക്കാരനായ പ്രതിയുടെ വിവരങ്ങൾ പോലും സർക്കാരിന് ജനങ്ങൾക്ക് മുൻപിൽ പരസ്യമായി പ്രഖ്യാപിക്കേണ്ടിവന്നു. അഭയാർത്ഥി കുടിയേറ്റക്കാരനാണ് പ്രതി എന്നുള്ളത് ഒരു കിംവദന്തി മാത്രമാണെന്നും റുവാണ്ടൻ വംശജനായ അക്സൽ മുഗൻവ റുഡകുബാന ആണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നുമുള്ള വിവരങ്ങൾ സർക്കാർ പുറത്തുവിട്ടു. 2006ൽ വെയിൽസിൽ ജനിച്ച ഈ പ്രതി അഭയാർത്ഥി അല്ലെന്ന് സർക്കാർ അറിയിച്ചിട്ടും കുടിയേറ്റക്കാരോടുള്ള പ്രക്ഷോഭകരുടെ രോഷം തണുത്തിട്ടില്ല.
ലണ്ടൻ, ഹാർട്ടിൽപൂൾ, മാഞ്ചസ്റ്റർ, ലിവർപൂൾ, ബ്രിസ്റ്റോൾ, നോട്ടിംഗ്ഹാം, ലീഡ്‌സ്, ഹൾ, മിഡിൽസ്ബറോ എന്നിങ്ങനെയുള്ള യുകെയിലെ നിരവധി നഗരങ്ങളെ ഈ കലാപം ബാധിച്ചിട്ടുണ്ട്. അഭയാർത്ഥികൾ അഭയം തേടിയ റോതർഹാമിലെ ഹോളിഡേ ഇൻ എക്സ്പ്രസ് എന്ന ഹോട്ടലിൽ പോലും നൂറുകണക്കിന് പ്രക്ഷോഭകാരികൾ ഇരച്ചെത്തി ആക്രമണം അഴിച്ചുവിട്ടു. കലാപം തടയാൻ ശ്രമിക്കുന്ന പോലീസിനെതിരെ പോലും ഇഷ്ടികകളും കസേരകളും മറ്റും എറിഞ്ഞു കൊണ്ടാണ് പ്രക്ഷോഭകാരികൾ പ്രതികരിക്കുന്നത്. യുകെയിൽ അഭയാർത്ഥികളായി എത്തുന്നവരെ ഹോട്ടലുകളിൽ പാർപ്പിക്കുക എന്ന മുൻ സർക്കാരിന്റെ നയമാണ് പ്രക്ഷോഭകാരികൾ ഹോട്ടലുകൾ ആക്രമിക്കുന്നതിലേക്ക് നയിച്ചത്.
രാജ്യത്ത് അഭയാർത്ഥികളായി എത്തുന്നവരെ ഹോട്ടലുകളിൽ താമസിപ്പിക്കുന്നതിനായി 2.5 ബില്യൺ പൗണ്ട് ആണ് മുൻ ബ്രിട്ടീഷ് സർക്കാർ ചെലവഴിച്ചിരുന്നത്. രാജ്യത്തെ പൊതു സേവനങ്ങൾ പോലും പലപ്പോഴും പരാജയപ്പെടുമ്പോഴും അഭയാർത്ഥികൾക്കായി ഇത്രയും വലിയ തുക ചെലവഴിക്കുന്നത് തീവ്ര വലതുപക്ഷവാദികൾക്കിടയിൽ കടുത്ത എതിർപ്പിനാണ് കാരണമായിട്ടുള്ളത്. യുകെയിൽ അശാന്തി വിതയ്ക്കുന്ന കുടിയേറ്റങ്ങളെ ചെറുക്കുന്നതിന് പുതിയ സർക്കാർ ശ്രമങ്ങൾ തുടങ്ങിയിരുന്ന വേളയിലാണ് സൗത്ത് പോർട്ടിൽ 3 പെൺകുട്ടികൾ ദാരുണമായി കൊലപ്പെടുന്നത്. ഒരു മുസ്ലിം അഭയാർത്ഥിയാണ് കൊലപാതകത്തിന് പിന്നിൽ എന്ന പ്രചാരണവും കൂടി ആയതോടെ തീവ്ര വലതുപക്ഷവാദികളുടെ ഉള്ളിൽ അടക്കിവെച്ചിരുന്ന സകലരോഷവും അണപൊട്ടിയൊഴുകിയതാണ് ബ്രിട്ടൻ ഇന്നൊരു രണഭൂമിയായി മാറിയിരിക്കുന്നതിന്റെ കാരണം. ബ്രിട്ടനിലെ ജനങ്ങളുടെ ഈ പ്രക്ഷോഭം കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന പല രാജ്യങ്ങളിലും ആവർത്തിക്കപ്പെടും എന്നുള്ള ഭയവും ഇന്ന് അന്താരാഷ്ട്രതലത്തിൽ ആശങ്കയായി മാറുകയാണ്.
Discussion about this post