ന്യൂഡൽഹി: രാജ്യത്തെയും രാജ്യത്തെ കായിക പ്രേമികളെയും സങ്കടത്തിലാഴ്ത്തുന്ന വാർത്തയാണ് പാരിസ് ഒളിമ്പിക്‌സ് വേദിയിൽ നിന്നും എത്തിയത്. അനുവദനീയമായ ഭാരം എത്തിക്കാത്തതിനെ തുടർന്ന് വിനേഷ് ഫോഗോട്ടിനെ ഫൈനൽ മത്സരങ്ങളിൽ നിന്നും അയോഗ്യയാക്കി. ഇതുവര പങ്കെടുത്ത മത്സരങ്ങളും റദ്ദാക്കാനാണ് തീരുമാനം. ഇതോടെ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയാണ് മങ്ങിയത്.
വനിതാ ഗുസ്തി 50 കിലോ ഗ്രാം വിഭാഗത്തിലേക്ക് ആയിരുന്നു വിനേഷ് മത്സരിച്ചത്. കഴിഞ്ഞ ദിവസം ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ മലർത്തിയടിച്ചായിരുന്നു വിനേഷിന്റെ ഫൈനലിലേയ്ക്കുള്ള കുതിച്ച് ചാട്ടം. ഇതോടെ ഇന്ത്യയുടെ കായിക ചരിത്രത്തിൽ പുതിയ ചരിത്രം കൂടിയായിരുന്നു 29 കാരിയായ കായിക താരം കുറിച്ചത്.
ഒളിമ്പിക്‌സിൽ ഫൈനൽ റൗണ്ടിൽ എത്തുന്ന ഇന്ത്യയുടെ ആദ്യ വനിതാ കായിക താരം ആണ് വിനേഷ്. അതുകൊണ്ട് തന്നെ താരത്തിന്റെ നേട്ടം രാജ്യത്തെ സംബന്ധിച്ച് ഏറെ അഭിമാനകരമായിരുന്നു. ഫൈനലിൽ എത്തിയതോടെ രാജ്യം സ്വർണം തന്നെ ഉറപ്പിച്ചു. ഇതിന് പിന്നാലെ വിനേഷിനെ പ്രശംസിച്ചുകൊണ്ടുള്ള വാർത്തകളും കുറിപ്പുകളും സമൂഹമാദ്ധ്യമങ്ങൾ കയ്യടക്കി. എതിരാളികൾ വിനേഷിന്റെ വിജയത്തിന് രാഷ്ട്രീയ നിറം മോദി സർക്കാരിനെ ഇകഴ്ത്താനുള്ള ആയുധമാക്കി. ഇതിനിടെയാണ് ഭാരം വിനേഷിനെ ജാതകം തിരുത്തിയെഴുതിയത്.
ഫൈനൽ മത്സരത്തിന് മുന്നോടിയായി രാവിലെയായിരുന്നു താരങ്ങളുടെ ഭാര പരിശോധന. ഇതിൽ വിനേഷിന്റെ ഭാരം 50 കിലോയും 100 ഗ്രാമും. അനുവദനീയമായ ഭാരത്തനേക്കാൾ 100 ഗ്രാം കൂടുതൽ. ഇതോടെ വിനേഷ് അയോഗ്യയാണെന്ന് അധികൃതർ തീരുമാനിക്കുകയായിരുന്നു. പുന:പരിശോധനയ്ക്കുള്ള അവസരം പോലും നൽകാതെയായിരുന്നു താരത്തെ പുറത്താക്കിയത്.
ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ 52 കിലോയായിരുന്നു വിനേഷിന്റെ ഭാരമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ തുടർന്ന് രാത്രി മുഴുവൻ ഭാരം കുറയ്ക്കാൻ പരിശ്രമം നടത്തി. എന്നാൽ ഭാരം പൂർണമായി 50 കിലോയിലേക്ക് എത്തിക്കാൻ കഴിയാതെ വരുകയായിരുന്നു. ഇതോടെ ഇതുവരെ വിനേഷ് പങ്കെടുത്ത മത്സരങ്ങൾ റദ്ദാക്കാനും തീരുമാനം ആയി.
ഇന്ത്യയുടെ മെഡൽ പ്രതീക്ഷയും പേറിയായിരുന്നു വിനേഷ് പാരിസിൽ എത്തിയത്. എന്നാൽ ഒരു മെഡൽ പോലും ഇല്ലാതെയാണ് ഇനി മടങ്ങുക.
Discussion about this post