ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ അയോഗ്യയാക്കിയതിന് പിന്നാലെ ഇന്ത്യൻ താരം വിനേഷ് ഫോഗോട്ട് ആശുപത്രിയിൽ. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
അമിത ഭാരത്തെ തുടർന്ന് യോഗ്യത നഷ്ടമാകാതിരിക്കാൻ രാത്രി മുഴുവൻ കഠിന പ്രയത്‌നമായിരുന്നു വിനേഷ് നടത്തിയത്. ഭാരം വർദ്ധിക്കാതിരിക്കാൻ വെള്ളം കുടിയ്ക്കുന്നത് ഉൾപ്പെടെ നിയന്ത്രിച്ചിരുന്നു. ഇതേ തുടർന്ന് നിർജ്ജലീകരണ ഉണ്ടായതോടെയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വനിതകളുടെ ഗുസ്തി 50 കിലോ വിഭാഗത്തിന്റെ മത്സരത്തിലാണ് വിനേഷ് പങ്കെടുത്തത്. രാവിലെ നടത്തിയ പരിശോധനയിൽ വിനേഷിന്റെ ഭാരം 50 കിലോയും 100 ഗ്രാമും ആയിരുന്നു. ഇതോടെയാണ് യോഗ്യത നഷ്ടമായത്. ഭാരം നിയന്ത്രിക്കാനായി മുടി മുറിയ്ക്കുകയും രക്തം പുറത്തുകളയുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും തന്നെ താരത്തെ തുണച്ചില്ല. ഇതോടെയാണ് അയോഗ്യയാക്കി കൊണ്ട് അധികൃതർ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയായിരുന്നു വിനേഷ്. ക്യൂബൻ താരത്തെ തോൽപ്പിച്ചാണ് വിനേഷ് ഫൈനലിൽ എത്തിയത്. അയോഗ്യയാക്കിയ സാഹചര്യത്തിൽ ക്യൂബൻ താരം ഫൈനലിൽ പ്രവേശിച്ചു.
Discussion about this post