ശ്രീനഗർ: ജമ്മുകശ്മീരിൽ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടികളുടെ അഭിപ്രായം അറിയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.നാളെയാണ് ഈ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ ചീഫ് ഇലക്ടറൽ ഓഫീസറാണ് രാഷ്ട്രീയ പാർട്ടികൾക്ക് കത്ത് നൽകിയത്. സെപ്തംബർ 30 ന് മുമ്പ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താൻ സുപ്രീം കോടതി സമയപരിധി നൽകിയതിനാൽ, കേന്ദ്രഭരണ പ്രദേശത്തേക്കുള്ള തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകാതെ പ്രഖ്യാപിക്കും.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഓഗസ്റ്റ് 8-10 തീയതികളിൽ ജമ്മു കശ്മീർ സന്ദർശിക്കും എന്നറിയിച്ചിട്ടുണ്ട്. നേരത്തെ മാർച്ച് മാസത്തിലും കമ്മീഷൻ ജമ്മു കശ്മീർ സന്ദർശിച്ചിരുന്നു. ആ സമയത്ത് വൈകാതെ തന്നെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു
2019ൽ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി ജമ്മു കശ്മീരിരിന്റെ സംസ്ഥാന പദവി ഉൾപ്പെടെ കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞിരുന്നു. ശേഷം ജമ്മു കശ്മീർ, ലഡാക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയായിരുന്നു.ജമ്മു കശ്മീരിന് മാത്രമാവും നിയമസഭ ഉണ്ടാവുക. ലഡാക്കിന് ഉണ്ടാവില്ലെന്നാണ് പുനഃസംഘടനാ നിയമത്തിൽ പറയുന്നത്. ഡൽഹി മാതൃകയിലാവും ജമ്മു കശ്മീരിന് നിയമസഭ ഉണ്ടാവുക. എന്നാൽ ലഡാക് നേരിട്ട് ആഭ്യന്തര മന്ത്രലയത്തിന്റെ ഭരണത്തിൻ കീഴിലാവും. ലെഫ്. ഗവർണർക്കായിരിക്കും അധികാരം. 90 സീറ്റുകളാണ് നിയമസഭയിൽ ഉണ്ടാവുക. പാക് അധിനിവേശ കശ്മീർ ഉൾപ്പെടെയുള്ള മേഖലകളിലെ മണ്ഡലങ്ങളും കൂടി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ 83 സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
Discussion about this post