പാരീസ് : ഒളിമ്പിക്സ് ഫൈനലിൽ നിന്നും ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിൽ പ്രതികരണവുമായി യുണൈറ്റഡ് വേൾഡ് റെസലിംഗ് പ്രസിഡന്റ് നെനാദ് ലാലോവിച്ച്. അയോഗ്യ ആക്കപ്പെട്ടതിൽ വിനേഷിനോട് അനുഭാവം പ്രകടിപ്പിച്ച അദ്ദേഹം നിയമങ്ങൾ എല്ലാവരും ഒരുപോലെ പാലിക്കേണ്ടതുണ്ടെന്നും പരാമർശിച്ചു. നിയമങ്ങൾ നിയമങ്ങൾ തന്നെയാണ്. ശരിയായ ഭാരം നിലനിർത്താൻ കഴിയാത്ത ഒരാളെ മത്സരിക്കാൻ അനുവദിക്കുക അസാധ്യമാണ് എന്നും നെനാദ് ലാലോവിച്ച് വ്യക്തമാക്കി.
ചെറിയ വ്യത്യാസം ആണെങ്കിൽ പോലും നിയമങ്ങളിൽ നിന്നും നമുക്ക് വ്യതിചലിക്കാൻ കഴിയില്ല. എല്ലാ കായിക താരങ്ങളും ഇതേ നിയമമാണ് പാലിക്കുന്നത്. ശരിയായ ഭാരം ഉള്ളവർ തമ്മിലാണ് മത്സരിക്കേണ്ടത്. ഈ വർഷം വിനേഷ് ഫോഗട്ടിന് 100 ഗ്രാം ആയിരുന്നു അമിതഭാരം എങ്കിൽ 2016ൽ അത് 400 ഗ്രാം ആയിരുന്നു. 2016ലെ റിയോ ഒളിമ്പിക്സിൽ അമിത ഭാരത്തെ തുടർന്ന് യോഗ്യത മത്സരത്തിൽ നിന്ന് തന്നെ വിനേഷ് ഫോഗട്ട് അയോഗ്യ ആക്കപ്പെട്ടിരുന്നു. നമ്മൾ നിയമങ്ങളെ മാനിക്കണം എന്നും യുണൈറ്റഡ് വേൾഡ് റെസലിംഗ് പ്രസിഡന്റ് വ്യക്തമാക്കി.
ഇന്ത്യ ഗവൺമെന്റ് കൃത്യമായ പരിശീലകനെയും പോഷകാഹാര വിദഗ്ധനെയും ഫിസിയോയെയും നൽകിയിട്ടും അവരെല്ലാം കൂടെ ഉണ്ടായിരുന്നിട്ടും വിനേഷ് ഫോഗട്ട് എങ്ങനെ അമിത ഭാരത്തിൽ എത്തിയെന്ന് മനസ്സിലാകുന്നില്ലെന്ന് റസലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് സഞ്ജയ് സിംഗ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസമായി വിനേഷിന്റെ ഭാരം സ്ഥിരത ഉള്ളതായിരുന്നു. ഒറ്റരാത്രികൊണ്ട് എങ്ങനെ 100 ഗ്രാം വർദ്ധിച്ചു എന്നതിനെ കുറിച്ച് അവരുടെ ന്യൂട്രീഷനും പരിശീലകനും മാത്രമേ പറയാൻ കഴിയൂ എന്നും സഞ്ജയ് സിംഗ് അറിയിച്ചു. ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ ഗെയിംസ് വില്ലേജിൽ എത്തിയിട്ടുണ്ട്. തുടർനടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കും എന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു.
Discussion about this post