പാരീസ് : ഗുസ്തിയുടെ ഗോദയിൽ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷയുടെ പൊൻകിരണം തെളിയുന്നു. ഇത്തവണ പുരുഷ ഗുസ്തിയിലാണ് ഇന്ത്യ തിളങ്ങിയത്. 57 കിലോ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ ഇന്ത്യൻ താരം അമൻ സെഹ്‌രാവത് ക്വാർട്ടറിൽ പ്രവേശിച്ചു.
57 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയുടെ പതിനാറാം റൗണ്ട് പോരാട്ടത്തിൽ 10-0 എന്ന മികച്ച സ്കോറിനാണ് അമൻ സെഹ്‌രാവത് വിജയിച്ചത്. മാസിഡോണിയയുടെ വ്‌ളാഡിമിർ എഗോറോവിനെ ആണ് ഇന്ത്യൻ താരം തോൽപ്പിച്ചത്. 2023ൽ കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയിട്ടുള്ള താരമാണ് അമൻ സെഹ്‌രാവത്.
21 വയസ്സുകാരനായ അമൻ ഹരിയാന സ്വദേശിയാണ്.
2022 ലെ ഏഷ്യൻ ഗെയിംസിൽ 57 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിക്കൊണ്ട് രാജ്യത്തിന് അഭിമാനമായി മാറിയിരുന്നു. പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയ ഏക ഇന്ത്യൻ പുരുഷ ഗുസ്തി താരം കൂടിയാണ് അമൻ സെഹ്‌രാവത്.
Discussion about this post