താഴെ കിടന്നവനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് തോളില്‍ കയറ്റി പൊക്കി മതിലിന്റെ മുകളില്‍ കയറാന്‍ സഹായിച്ചു കൊടുത്ത് കഴിഞ്ഞപ്പോള്‍ ലവന് മതിലിന്റെ മുകളില്‍ നിന്ന് ‘എനിക്ക് ഒരുത്തന്റേം സഹായം വേണ്ടടാ ……കളേ’ എന്ന് വിളിച്ചു പറഞ്ഞാല്‍ എങ്ങനെയിരിക്കും..??!! ചുമ്മാ നന്ദികേട് എന്ന് മാത്രം പറഞ്ഞാല്‍ നന്ദികേട് നമ്മളെ തല്ലാന്‍ വരും..!!
എത്ര കഷ്ടപ്പെട്ടാണ് ദല്‍ഹിയില്‍ ആപ്പിനെ വിജയിപ്പിച്ചെടുത്തത്..??!! ഇന്ദ്രപ്രസ്ഥത്തിലെ അവശിഷ്ടസഖാക്കളെ പറഞ്ഞു മനസ്സിലാക്കി വോട്ടുകള്‍ ആപ്പ് പെട്ടിയില്‍ ഇടുവിച്ചത്..??!! നിന്ന മൂന്നു സഖാക്കള്‍ക്കും കൂടി കിട്ടിയ 1226 വോട്ടിന്റെ വേദന മറച്ചു പിടിച്ചാണ് ‘ജനാധിപത്യത്തിന്റെ തിളക്കമാര്‍ന്ന ജയം’ എന്നൊക്കെ വച്ചു കാച്ചിയത്..!! ‘ഇനി എന്തേലും വേണെങ്കില്‍ സഖാവേ……യ് ഒരൊറ്റ വിളി വിളിച്ചാ മതീ ട്ടാ’ എന്ന് വാക്കും കൊടുത്തു…!! എന്തെങ്കിലും ഒരു കൈസഹായത്തിന് വിളിക്കും എന്നൊരു വിചാരം ഉണ്ടായിരുന്നു..!! പക്ഷെ യെവടെ..??!! ജയിച്ച് ആദ്യം പോയത് മോദിയുടെ അടുത്തേയ്ക്ക്…!! പോക്ക് ആരോടും പറയാതെ ആയത് കൊണ്ട് പോകരുത് എന്ന് പറഞ്ഞു ഒരു കത്ത് പോലും കൊടുക്കാന്‍ പറ്റിയില്ല..!! പേനയും കടലാസും ഒക്കെ എടുത്ത് എഴുതി വന്നപ്പോഴേയ്ക്കും പഹയന് മോദിയുടെ സ്വീകരണമുറിയിലിരുന്ന് ചായ കുടി തുടങ്ങിയിരുന്നു…!!
പോട്ടെ, ക്ഷമിച്ചു..!! ആദ്യമായി ഭൂരിപക്ഷം കിട്ടിയതല്ലേ, അതിന്റെ പകപ്പ് ആയിരിക്കാം എന്ന് സമാധാനിച്ചു..!! അപ്പൊ ദേ വരുന്ന അടുത്ത ബോംബ്..!! ‘ഇപ്പോള്‍ ഇന്ത്യയും ദല്‍ഹിയും ഭരിക്കുന്നത് സുസ്ഥിര സര്‍ക്കാരുക’ളാണത്രേ…!! ഓരോരോ വെളിപാടുകള്‍..!! അത്ര വല്യ ശക്തരായിരുന്നെങ്കില്‍ ഡല്‍ഹിയില്‍ പരസ്പരം കെട്ടിപ്പിടിച്ചു മത്സരിച്ചാല്‍ പോരായിരുന്നോ..??!! അങ്ങനായിരുന്നേല്‍ അന്തസ്സായി പോയി കോണ്‍ഗ്രസ്സിന് പിന്തുണയും പ്രഖ്യാപിച്ച് ഒരിടത്ത് സ്വസ്ഥമായി ഇരിക്കാമായിരുന്നു..!! കോണ്‍ഗ്രസ് ആപ്പിനെ പോലെയല്ല…!! സഹായിച്ചവരെ തള്ളിക്കളയില്ല…!! ഒന്നുമില്ലേലും നമ്പര്‍ 10 ജനപഥില്‍ ചായ തിളപ്പിക്കുമ്പോള്‍ വിളിച്ച് ഒരു ഗ്ലാസ് തരും..!! 2004 മുതല്‍ കുറേ കാലം ആ ചായയും കശുവണ്ടിപ്പരിപ്പും ആയിരുന്നു ഭക്ഷണം…!!
അതും പോട്ടെ എന്ന് വച്ചു..!! പക്ഷെ ഇപ്പോള്‍ ചെയ്തത് കൊലച്ചതി തന്നെയാണ്..!! തല്ക്കാലം മറ്റു പാര്‍ട്ടികളുമായി സഖ്യമോ മുന്നണിയോ ഉണ്ടാക്കുന്നതിനെപ്പറ്റി ആലോചിക്കുന്നില്ല ത്രേ..!! പിന്നെ എന്തോ ഉദ്ദേശിച്ചാ കേറി തെരഞ്ഞെടുപ്പിന് നിന്നത്..??!! ബേദിജിയേം മോദിജിയേം ഒക്കെ ഒരു മൂലയ്ക്കാക്കി ദല്‍ഹി മുഴുവന്‍ തൂത്തുവാരുന്ന കാഴ്ച കണ്ട് എത്ര സന്തോഷിച്ചതാ..??!! കാലില്ലാത്തവന്റെ മുന്നിലേയ്ക്ക് വീല്‍ചെയര്‍ കൊണ്ടു വന്ന പോലെയായിരുന്നു..!! ഇനി അതില്‍ കേറി ഈ ഇന്ത്യാ മഹാരാജ്യം മുഴുവന്‍ ഒന്ന് കറങ്ങാം എന്ന് മനക്കോട്ട കെട്ടി അതിനു വേണ്ട കുപ്പായോം തയ്പ്പിച്ച് എ.കെ.ജി സെന്ററിന് ഒരുങ്ങി കുട്ടപ്പനായി ഇരിക്കുമ്പോഴാ ആപ്പിന്റെ ഈ ഒറ്റക്കലം തിന്നാനുള്ള കൊതി…!!
പണ്ട് പത്തു നാല്‍പ്പത് സഖാക്കള്‍ ഒന്നിച്ച് ലോകസഭയില്‍ ഇരുന്നിട്ടുണ്ട് എന്നൊക്കെ മുത്തശ്ശന്മാര് പറഞ്ഞു കേട്ടിട്ടുണ്ട്..!! സത്യമാണോ ആവോ..!! എന്തായാലും ഇന്നിപ്പോള്‍ അരിവാളും നക്ഷത്രവുംനെല്ക്കതിരും അച്ചന് വകയും അമ്മ വകയും എല്ലാംകൂടി കൂട്ടിയാല്‍ കഷ്ടി രണ്ടക്കം തൊടാം; അത്രയേയുള്ളൂ..!! ബംഗാളിലെ തറവാട്ടില്‍ ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് മത്സരം ഉണ്ടാകാറില്ല…!! ജയിക്കുന്നത് തൃണമൂലോ ബീജേപ്പീയോ എന്ന് പറയാന്‍ പറ്റില്ല..!! പക്ഷെ മൂന്നാം സ്ഥാനം; ആ കട്ടില് കണ്ട് മറ്റാരും പനിയ്ക്കണ്ടാ..!! അതാണ് അവിടത്തെ അവസ്ഥ..!! അതുകൊണ്ട് കണ്ണില്‍ച്ചോരയില്ലായ്മ കാണിക്കല്ലേ ആപ്പേ..!! ഒരു ചെറുപായ വിരിക്കാനുള്ള സ്ഥലം; അതുമാത്രം തന്നാല്‍ മതി..!! പണ്ട് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് വരെ ആലോചന വന്ന തറവാടാണ്..!! പക്ഷെ ഇപ്പോഴത്തെ അവസ്ഥയില്‍ ഇതില്‍ക്കൂടുതല്‍ ആഗ്രഹിക്കാനുള്ള പാങ്ങില്ല…!!
Discussion about this post