ന്യൂഡൽഹി : ഈ വർഷത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് കരുത്തേകാൻ എഐ സാങ്കേതികവിദ്യയും. സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടക്കുന്ന ചെങ്കോട്ടയിൽ ഇത്തവണ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള സുരക്ഷാ സംവിധാനങ്ങൾ ആയിരിക്കും ഒരുക്കുക. ഇതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും ആരംഭിച്ചതായി സുരക്ഷാ ഏജൻസികൾ അറിയിച്ചു.
മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ മെച്ചപ്പെടുത്തിയ നിരീക്ഷണ സവിശേഷതകളും ഓട്ടോമേറ്റഡ് ക്രൗഡ് എസ്റ്റിമേഷൻ സൗകര്യങ്ങളും വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിലും പരിസരത്തും വിന്യസിക്കുമെന്ന് കേന്ദ്ര സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. വീഡിയോ അനലിറ്റിക്സ് ഫീച്ചറുകളുള്ള സിസിടിവികൾ വേദിയിലെ പ്രധാന സ്ഥലങ്ങളിൽ വിന്യസിക്കും. ആളുകളുടെ പ്രവേശനവും പുറത്തുകടക്കലും കണക്കാക്കാൻ എഐ സായുധ ക്യാമറകളും ഉപയോഗിക്കുന്നതായിരിക്കും.
മുഖങ്ങൾ തിരിച്ചറിയുന്ന വിപുലമായ എഫ്ആർഎസ് സൗകര്യവും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ പോലും തിരിച്ചറിയുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്ന എഐ സാങ്കേതികവിദ്യകളും സുരക്ഷയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. “വാച്ച് ലിസ്റ്റ്” ഡാറ്റാബേസിൽ മുഖങ്ങളുള്ള ആളുകളുമായി ഉള്ള പൊരുത്തങ്ങൾ കണ്ടെത്തി കൺട്രോൾ റൂമിലേക്ക് അലർട്ടുകൾ നൽകുന്ന സംവിധാനവും സ്വാതന്ത്ര്യദിനാഘോഷ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post