ബത്തേരി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുണ്ടക്കൈ – ചൂരൽമല ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 10 ന് രാവിലെ 10 മണി മുതൽ ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കൽപ്പറ്റ, മേപ്പാടി ടൗണുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഇവിടേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടുകയുള്ളുവെന്നും പോലീസ് വ്യക്തമാക്കി.
ടാക്‌സി, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ രാവിലെ 11 മുതൽ പ്രധാനമന്ത്രി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കൽപ്പറ്റ-കൈനാട്ടി ബൈപാസ് ജങ്ഷൻ മുതൽ മേപ്പാടി വിംസ് ആശുപത്രി വരെയും, മേപ്പാടി ടൗൺ മുതൽ ചൂരൽമല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യാൻ പാടില്ല. കൽപ്പറ്റ ജനമൈത്രി ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി ഗാരേജ് ജങ്ഷൻ വരെയും പാർക്കിംഗ് നിയന്ത്രണം ബാധകമാണ്.ശനിയാഴ്ച 11.55 ന് പ്രധാനമന്ത്രി വയനാട്ടിൽ എത്തും.12 മണി മുതൽ 3 മണി വരെ പ്രധാനമന്ത്രി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.
Discussion about this post