ന്യൂയോർക്ക് : അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഉടൻ തിരികെ എത്താനാവില്ല. 2025 ഫെബ്രുവരിയോടെ മാത്രമേ ഇരുവർക്കും തിരികെ എത്താൻ ആകൂ എന്നാണ് നാസ അറിയിക്കുന്നത്. ബഹിരാകാശ യാത്രക്കാർ മടങ്ങേണ്ടിയിരുന്ന ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ തകരാറുകൾ പരിഹരിക്കാൻ കഴിയാത്തതിനാലാണ് മാസങ്ങളായി സുനിത വില്യംസിനും ബുച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും മടങ്ങാൻ കഴിയാതിരുന്നത്.
ബോയിങ്ങിൻ്റെ സ്റ്റാർലൈനറിനു പകരം സ്‌പേസ് എക്‌സിൻ്റെ ക്രൂ ഡ്രാഗണിൽ ആയിരിക്കും ഇനി ഇരു ബഹിരാകാശ യാത്രികരെയും ഭൂമിയിലേക്ക് തിരികെ എത്തിക്കുക. വിക്ഷേപണത്തിന് മുൻപായി തന്നെ നിരവധി സാങ്കേതിക പ്രശ്‌നങ്ങൾ ആയിരുന്നു സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന് നേരിടേണ്ടി വന്നിരുന്നത്. പലതവണ മാറ്റിവച്ച ശേഷം കഴിഞ്ഞ ജൂണിൽ ആയിരുന്നു സ്റ്റാർ ലൈനർ വിക്ഷേപിച്ചത്.
10 ദിവസത്തെ ബഹിരാകാശ ദൗത്യം ആയിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത് എങ്കിലും കഴിഞ്ഞ രണ്ടു മാസത്തോളം ആയി തിരികെ മടങ്ങാൻ കഴിയാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ് സുനിത വില്യംസും ബുച്ച് വിൽമോറും. ബോയിങ്ങിന്റെ സ്റ്റാർലൈനർ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നത് സുരക്ഷിതമല്ല എന്ന നാസയുടെ വിലയിരുത്തലിനെ തുടർന്നാണ് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകം ഉപയോഗിച്ച് ബഹിരാകാശ സഞ്ചാരികളെ തിരികെ ഭൂമിയിൽ എത്തിക്കാൻ നാസ ശ്രമിക്കുന്നത്.
Discussion about this post