പാരീസ് ഒളിമ്പിക്‌സിൽ വെള്ളിമെഡലോടെ ഒരിക്കൽകൂടി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് നീരജ് ചോപ്ര. സീസണിലെ ഏറ്റവും മികച്ച ദൂരം നീരജ് എറിഞ്ഞെങ്കിലും പാകിസ്താൻ താരം അർഷാദ് നദീം സ്വർണം തന്റെ അക്കൗണ്ടിലാക്കിയ രണ്ടാം ശ്രമത്തിൽ 92.97 മീറ്റർ എറിഞ്ഞാണ് അർഷാദ് സുവർണനേട്ടം സ്വന്തമാക്കിയത്. 89.45 മീറ്റർ ദൂരമെറിഞ്ഞാണ് നീരജിന്റെ വെള്ളിത്തിളക്കം.
കളിക്കളത്തിൽ എതിരാളികളാണെങ്കിലും വലിയ സൗഹൃദത്തിന്റെ കഥപറയാനുണ്ട് ഇരുവർക്കും. പരസ്പരം വൈരത്തിന്റെ കഥപറയാനുള്ള രണ്ട് രാജ്യങ്ങളിലെ താരങ്ങൾ എങ്ങനെയാണ് ഇത്ര വലിയ സുഹൃത്തുക്കളായത്? പാരീസിൽ റെക്കോർഡ് ദൂരത്തോടെ സ്വർണം സ്വന്തമാക്കുന്ന നിമിഷം അർഷാദ് ഏറ്റവും കൂടുതൽ കടപ്പെട്ടത് നീരജിനോടായിരിക്കും അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ സൗഹൃദത്തോടായിരിക്കും. സാധാരണകെട്ടിടനിർമ്മാണ തൊഴിലാളിയായ അർഷാദിന് നിലവാരമുള്ള ജാവിലിൻ ത്രോ ലഭിക്കാൻ കാരണമായ മനുഷ്യനെ അർഷാദ് എങ്ങനെ തള്ളിപ്പറയാനാണ്.
പാരീസ് ഒളിമ്പിക്‌സിന് മുൻപ് 2024 മാർച്ചിലാണ് സംഭവം നടക്കുന്നത്. പ്രകടനത്തിൽ ഒട്ടും മോശമല്ലാത്ത താരമായിരുന്നിട്ടും കഴിഞ്ഞ ഏഴെട്ട് വർഷമായി താൻ ഒരേ പഴയ ജാവിലിൻ ആണ് ഉപയോഗിക്കുന്നതെന്ന് അർഷാദ് വെളിപ്പെടുത്തി. ഉപകരണത്തിന്റെ തേയ്മാനവും കാലപ്പഴക്കവും അദ്ദേഹത്തിന്റെ വലിയ വലിയ മത്സത്തിന് പങ്കെടുക്കുന്നതിനും പരിശീലനത്തിനും വിലങ്ങ് തടിയാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജാവിലിൻ കേടായിരിക്കുന്നു പാരീസ് ഒളിമ്പിക്‌സിന് മുൻപ് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. ഇത് ശ്രദ്ധയിൽപ്പെട്ട നീരജ് ചോപ്ര പാകിസ്താൻ സർക്കാരിനോടും ബന്ധപ്പെട്ട അധികാരികളോടും ഇടപെടാനും അർഷാദ് നദീമിന് ആവശ്യമായ പിന്തുണ നൽകാനും ആവശ്യപ്പെട്ടു. ‘ഒരു പുതിയ ജാവലിൻ ലഭിക്കാൻ അദ്ദേഹം പാടുപെടുകയാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്,’ ‘അദ്ദേഹത്തിന്റെ പ്രകടനം കണക്കിലെടുത്ത്, ഇത് ഒരു വലിയ പ്രശ്നമാകരുത്. അർഷാദ് ഒരു മികച്ച ജാവലിൻ ത്രോക്കാരനാണ്, കൂടാതെ ജാവലിൻ നിർമ്മാതാക്കൾ അവനെ സ്‌പോൺസർ ചെയ്യാനും അദ്ദേഹത്തിന് ആവശ്യമുള്ളത് നൽകാനും തയ്യാറാവുമെന്ന് കരുതുന്നുവെന്നായിരുന്നു നീരജിന്റെ വാക്കുകൾ. ഒളിമ്പിക്‌സിലെ സ്വർണതാരമായിരുന്ന നീരജിന്റെ ഈ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടി. അധികം താമസിയാതെ അർഷാദിന് പുതിയ ജാവിലിൻ ലഭിക്കുകയും ചെയ്തു.
നീരജ് ചോപ്രയുടെയും അർഷാദ് നദീമിന്റെയും കഥ കളിക്കളത്തിലെ യഥാർത്ഥ സ്പിരിറ്റിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ്. കളിക്കളത്തിൽ കടുത്ത മത്സരമുണ്ടായിട്ടും പരസ്പരം പിന്തുണയ്ക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രണ്ട് എതിരാളികളുടെ കഥയാണിത്.
Discussion about this post