ന്യൂഡൽഹി : ജയ ബച്ചന്റെ മര്യാദയില്ലാത്ത പെരുമാറ്റം അസഹനീയമാണെന്ന് രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകർ. സമാജ് വാദി പാർട്ടിയുടെ രാജ്യസഭാ എംപി ആയ ജയ ബച്ചനും രാജ്യസഭ അധ്യക്ഷനും തമ്മിൽ ഇന്ന് കനത്ത വാക്കേറ്റം ആണ് ഉണ്ടായത്. രാജ്യസഭാ അധ്യക്ഷന്റെ ശരീരഭാഷ ശരിയല്ലെന്ന ജയ ബച്ചന്റെ പരാമർശം ആണ് തുടർന്നുള്ള വാക്കേറ്റത്തിന് കാരണമായത്. സെലിബ്രിറ്റി ആണെന്ന് കരുതി വായിൽ തോന്നുന്നത് എന്തും വിളിച്ചു പറയരുതെന്ന് അധ്യക്ഷൻ ജയയ്ക്ക് താക്കീത് നൽകി.
ഞാനൊരു അഭിനേതാവായതിനാൽ എനിക്ക് ആളുകളുടെ ശരീരഭാഷയും ഭാവങ്ങളും എല്ലാം നന്നായി മനസ്സിലാകും എന്നാണ് ജയ ബച്ചൻ രാജ്യസഭയിൽ പരാമർശം നടത്തിയത്. രാജ്യസഭാ അധ്യക്ഷന്റെ ശരീരഭാഷയും സംസാരരീതിയും ശരിയല്ല എന്നും ജയ അഭിപ്രായപ്പെട്ടു. ” ജയ ബച്ചൻ നടിയാണെങ്കിൽ ഞാൻ രാജ്യസഭയിലെ സംവിധായകനാണ്. ഇവിടെ സംവിധായകൻ പറയുന്നത് കേൾക്കണം” എന്നാണ് ജഗദീപ് ധൻകർ മറുപടി നൽകിയത്.
ജയ ബച്ചനുമായി വാക്കേറ്റം ഉണ്ടായതോടെ പ്രതിപക്ഷ സഖ്യം രാജ്യസഭാ അധ്യക്ഷന് എതിരെ രംഗത്തുവന്നു. ജഗദീപ് ധൻകർ മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടർന്ന് ബഹളം വെച്ച പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷ അംഗങ്ങളെ സംസാരിക്കാൻ രാജ്യസഭാ അധ്യക്ഷൻ അനുവദിക്കുന്നില്ല എന്നും ഇത് ജനാധിപത്യവിരുദ്ധമാണെന്നും കോൺഗ്രസ് ആരോപണം ഉന്നയിച്ചു.
Discussion about this post