ന്യൂയോർക്ക്: അടുത്തിടെയാണ് ഭൂമിയിലേക്ക് സൗരക്കാറ്റ് വീശിയടിച്ചത്. ഒരു പതിറ്റാണ്ടിനെ വീശിയടിച്ച ഏറ്റവും ശക്തമായ സൗരക്കാറ്റിൽ ലോകത്തിന്റെ പലഭാഗങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടായി. ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായത് മൊബൈൽ ഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും പ്രവർത്തനങ്ങളെ ബാധിച്ചു. ചില ഉപഗ്രഹങ്ങളെയും ഇത് ബാധിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
വളരെ ശക്തമായ സ ൗരക്കാറ്റ് ആയതുകൊണ്ട് തന്നെ വലിയ ആശങ്കയിൽ ആയിരുന്നു ഗവേഷകർ. നിരന്തരം ഇവർ കാറ്റിന്റെ സഞ്ചാര ഗതി നിരീക്ഷിച്ചിരുന്നു. എന്നാൽ വിചാരിച്ചത്ര നാശനഷ്ടങ്ങൾ ഉണ്ടാക്കാതെ ആയിരുന്നു കാറ്റിന്റെ കടന്ന് പോക്ക്. ഇതോടെ ഗവേഷകർക്ക് ആശ്വാസവുമായി. എന്നാൽ സമാന സാഹചര്യം ആവർത്തിക്കുന്നുവെന്നാണ് ഗവേഷകർ ഇപ്പോൾ നൽകുന്ന മുന്നറിയിപ്പ്. സൗരക്കാറ്റല്ല, മറിച്ച് ഭൗമകാന്തിക കൊടുങ്കാറ്റാണ് ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നത്.
സൗരക്കാറ്റിന് സമാനമായ രീതിയിൽ സൂര്യനിൽ നിന്നും പുറന്തുള്ള ജ്വാല( കൊറോണൽ മാസ് ഇജക്ഷൻ) ആണ് ഭൗമകാന്തിക കൊടുങ്കാറ്റിനും കാരണം ആകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് തവണയാണ് ഈ പ്രതിഭാസം സൂര്യനിൽ ഉണ്ടായത്. ഇതേ തുടർന്നാണ് ഗവേഷകർ ആശങ്കയിൽ ആയതും. ഞായറാഴ്ചയോടെ ഇതിന്റെ തുടർച്ചയായുള്ള ഭൗമകാന്തിക കൊടുങ്കാറ്റ് ഭൂമിയിലേക്ക് വീശിയടിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
സൗരജ്വാലയുണ്ടാകുമ്പോൾ പുറത്തുവരുന്ന കിരണങ്ങൾ ഭൂമിയുടെ കാന്തിക മണ്ഡലവുമായി ഇടപഴകും. ഇതാണ് ശക്തമായ കാറ്റിന് കാരണം ആകുന്നത്. സൂര്യനിലുണ്ടായ ഇജക്ഷൻ വളരെ ശക്തിയേറിയതാണെന്നാണ് ഗവേഷകർ പറയുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ ഭാഗമായി ഉണ്ടാകുന്ന കാറ്റിനും ശക്തിയേറും. അമേരിക്കയിലും യൂറോപ്പിലും ആകും ഭൗമകാന്തിക കൊടുങ്കാറ്റിന്റെ സ്വാധീനം അനുഭവപ്പെടുക.
സൗരക്കാറ്റിന് സമാനമായാണ് ഭൗമകാന്തിക കൊടുങ്കാറ്റും ഭൂമിയെ ബാധിക്കുക. പ്രതിഭാസത്തിന്റെ ഭാഗമായി ഉണ്ടാകുന്ന സിഗ്നലുകൾ നമ്മുടെ ആശയവിനിമയെ സംവിധാനങ്ങളെയും പവർ ഗ്രിഡുകളെയും തകരാറിലാക്കും. ഉപഗ്രഹങ്ങൾ തകരുന്നതിനും പ്രവർത്തന രഹിതകാമുന്നതിനും ഇത് കാരണമാകും.
Discussion about this post