ന്യൂഡൽഹി : പൗരത്വ ഭേദഗതിക്കായുള്ള ഡോക്യുമെന്റേഷൻ നടപടികൾ കൂടുതൽ ലഘൂകരിക്കും എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇന്ത്യൻ പൗരത്വം തേടുന്ന പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങൾക്ക് ആവശ്യമായ രേഖകളിൽ കൂടുതൽ ഇളവ് വരുത്താനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള അപേക്ഷകർ തങ്ങളുടെ വംശപരമ്പരയും ഇന്ത്യയുമായുള്ള ബന്ധവും സ്ഥാപിക്കുന്നതിന് പൗരത്വ നിയമ ഭേദഗതി അനുസരിച്ചുള്ള നിർദ്ദിഷ്ട രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. ഇത് പല അപേക്ഷകർക്കും വെല്ലുവിളികൾ ഉയർത്തിയിരുന്നു. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും കലാപങ്ങളിലും മറ്റും പെട്ടും വംശീയ വർഗീയ ആക്രമണങ്ങൾക്ക് ഇരയായും ഇന്ത്യയിൽ അഭയം പ്രാപിക്കേണ്ടി വന്ന വലിയൊരു വിഭാഗത്തിന് ആവശ്യമായ പല രേഖകളും ഇല്ലാത്തത് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് വെല്ലുവിളിയായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ പൗരത്വ ഭേദഗതിക്കുള്ള ഡോക്യുമെന്റേഷനുകളിൽ ഇളവ് വരുത്തുന്നത്.
2014 ഡിസംബർ 31-നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാർസി, ക്രിസ്ത്യൻ കുടിയേറ്റക്കാർക്ക് ആണ് പൗരത്വ ഭേദഗതിയിലൂടെ ഇന്ത്യൻ പൗരത്വം നൽകിവരുന്നത്. പുതുക്കിയ നിയമങ്ങൾ അനുസരിച്ച് ഇന്ത്യയിലെ ഏതെങ്കിലും ഒരു അർദ്ധ ജുഡീഷ്യൽ ബോഡിക്ക് പോലും ആവശ്യമായ ഡോക്യുമെന്റേഷൻ വ്യവസ്ഥിതികൾ അംഗീകരിക്കാമെന്ന് വ്യക്തമാക്കുന്നു. അപേക്ഷകരുടെ മാതാപിതാക്കളോ മുത്തശ്ശനോ മുത്തശ്ശിയോ ആരെങ്കിലും ഒരാളുടെ രേഖകൾ പോലും സ്വീകാര്യമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങൾ സൂചിപ്പിക്കുന്നത്.
Discussion about this post