ന്യൂഡൽഹി : ബംഗ്ലാദേശിലെ കലാപവും ആക്രമണങ്ങളും രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ സ്ഥിതിഗതികൾ കൂടുതൽ നിരീക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അതിർത്തിയിലെ നിരീക്ഷണത്തിനായി ആഭ്യന്തരമന്ത്രാലയം ഉന്നതതല സമിതിയെ നിയോഗിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കൾ അടക്കമുള്ള മത ന്യൂനപക്ഷങ്ങളുടെ സംരക്ഷണം, അതിർത്തിയിലെ സുരക്ഷ എന്നിവയ്ക്ക് ഈ ഉന്നതതലസമിതി മേൽനോട്ടം വഹിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു.
ബംഗ്ലാദേശിലെ കലാപ സാഹചര്യത്തിൽ നിരവധിപേർ ഇന്ത്യയിലേക്ക് വ്യാജ രേഖകൾ ഉപയോഗിച്ച് കടക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അതിർത്തിയിൽ കൂടുതൽ സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉറപ്പാക്കുന്നത്. ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അധ്യക്ഷനായാണ് ഉന്നതതല സമിതി രൂപീകരിച്ചിട്ടുള്ളത്.
ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ ആവാമി ലീഗിനെതിരെ ആരംഭിച്ച ആക്രമണ സംഭവങ്ങൾ പിന്നീട് മതന്യൂനപക്ഷത്തിന് നേരെ തിരയുകയായിരുന്നു. ഹിന്ദു, ബുദ്ധ, ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട നിരവധി പേരാണ് ഇതുവരെയായി ആക്രമണങ്ങൾക്ക് ഇരയായത്. മുസ്ലിം വിഭാഗം ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളെ അടക്കം ആക്രമിക്കുകയും വീടുകൾ കൊള്ളയടിക്കുകയും ചെയ്യുന്നതിൽ ഐക്യരാഷ്ട്രസഭയും ഉത്കണ്ഠ രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post