ചെന്നൈ : സിനിമാ ചിത്രീകരണത്തിനിടയിൽ തമിഴ് നടൻ സൂര്യയ്ക്ക് പരിക്ക്. തലയ്ക്ക് പരിക്കേറ്റ സൂര്യ നിലവിൽ ചികിത്സയിലാണ്. സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് നടന്റെ തലയ്ക്ക് പരിക്കേറ്റത്. സൂര്യ 44 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആണ് അപകടം ഉണ്ടായത്.
നിർമ്മാതാവ് രാജ്‌ശേഖർ പാണ്ഡ്യൻ നൽകുന്ന വിവരം അനുസരിച്ച് നിലവിൽ സൂര്യയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. തലയ്ക്ക് പരിക്കുള്ളതിനാൽ അദ്ദേഹത്തിന് കുറച്ചുദിവസം വിശ്രമം ആവശ്യമുള്ളതായിരിക്കും. അതിനാൽ തന്നെ സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചു എന്നും രാജ്‌ശേഖർ പാണ്ഡ്യൻ അറിയിച്ചു.
ഊട്ടിയിൽ വച്ച് നടത്തിയ സിനിമാ ചിത്രീകരണത്തിന് ഇടയിലായിരുന്നു സൂര്യയ്ക്ക് പരിക്കേറ്റത്. കാർത്തിക് സുബ്ബരാജ് ആണ് സൂര്യയുടെ ഈ 44 ആമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ കങ്കുവ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലും സംഘട്ടന രംഗം ചിത്രീകരിക്കുന്ന സമയം സൂര്യയ്ക്ക് പരിക്കേറ്റിരുന്നു. ഊട്ടിയിലെ മെഡിക്കൽ സ്ഥാപനത്തിൽ പ്രവേശിപ്പിച്ച സൂര്യ നിലവിൽ വിശ്രമത്തിൽ ആണെന്നും ആരാധകർ ഭയപ്പെടേണ്ട സാഹചര്യമില്ല എന്നുമാണ് ചിത്രത്തിന്റെ നിർമ്മാതാവ് അറിയിച്ചത്.
Discussion about this post