ഇസ്ലാമാബാദ് : മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പാകിസ്താന് ഒരു ഒളിമ്പിക് മെഡൽ ലഭിക്കുന്ന കാഴ്ചയായിരുന്നു ജാവലിൻ ത്രോ മത്സരത്തിൽ കണ്ടത്. അർഷാദ് നദീം ആണ് ഈ ചരിത്രപരമായ നേട്ടം സ്വന്തമാക്കിയത്. ജാവലിൻ ത്രോ മത്സരത്തിലെ അർഷാദിന്റെ സ്വർണ്ണ മെഡൽ നേട്ടത്തിന് പുറകെ പാക് സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിന് ഇരയാവുകയാണ് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്.
അർഷാദ് നദീമിന് ആശംസകൾ അറിയിച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ഒരു ചിത്രമാണ് പ്രധാനമന്ത്രിക്കെതിരെ വിമർശനം രൂക്ഷമാകാൻ കാരണമായത്. അർഷാദിന് പത്തുലക്ഷം രൂപയുടെ ചെക്ക് സമ്മാനിക്കുന്ന ഒരു പഴയ ചിത്രമായിരുന്നു ഷെഹബാസ് ഷെരീഫ് ആശംസാപോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നത്. ഇത് വല്ലാത്ത അല്പത്തരം ആയിപ്പോയി എന്നാണ് പാക് ജനത വിമർശിക്കുന്നത്.
അർഷാദ് നദീമിന് സാമ്പത്തിക സഹായം നൽകിയെന്ന് കാണിച്ച് ശ്രദ്ധ നേടാനുള്ള ശ്രമമാണ് പാകിസ്താൻ പ്രധാനമന്ത്രി കാണിക്കുന്നത് എന്നാണ് വിമർശനം. ഒരു രാഷ്ട്രീയ നേതാവിന്റെയും സഹായം കൊണ്ടല്ല മറിച്ച് സ്വന്തം കഠിനാധ്വാനവും പരിശ്രമവും കൊണ്ടാണ് അർഷാദ് നദീം മെഡൽ നേടിയത് എന്നും പാക് സമൂഹമാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു.
Discussion about this post