പാരീസ് : കന്നി ഒളിമ്പിക്സിൽ തന്നെ മെഡൽ നേട്ടവുമായി ചരിത്രം കുറിച്ച് ഇന്ത്യൻ താരം അമൻ സെഹ്‌രാവത്ത്. 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കല നേട്ടം. പ്യൂർട്ടോറിക്കോയുടെ ഡാരിയൻ ടോയ് ക്രൂസിനെ 13-5ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം അമൻ സെഹ്‌രാവത്ത് പാരീസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ ഉറപ്പിച്ചത്.
പാരിസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ ആറാം മെഡൽ ആണ് അമൻ നേടിയത്. ഇന്ത്യയുടെ അഞ്ചാമത്തെ വെങ്കലമെഡൽ നേട്ടം കൂടിയാണിത്. പാരീസ് ഒളിമ്പിക്സിൽ ഗുസ്തിയിൽ ഇന്ത്യയ്ക്കായി മത്സരിച്ച ഏക പുരുഷതാരം ആയിരുന്നു അമൻ സെഹ്‌രാവത്ത്. 21 വയസുകാരനായ അമന്റെ ആദ്യ ഒളിമ്പിക്സ് ആണിത്.
2023ൽ കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയിട്ടുള്ള താരമാണ് അമൻ സെഹ്‌രാവത്ത്. 21 വയസ്സുകാരനായ അമൻ ഹരിയാന സ്വദേശിയാണ്.
2022 ലെ ഏഷ്യൻ ഗെയിംസിൽ 57 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിക്കൊണ്ട് താരം നേരത്തെയും രാജ്യത്തിന് അഭിമാനമായി മാറിയിരുന്നു.
Discussion about this post